| Wednesday, 27th August 2025, 8:04 pm

ബ്രിട്ടനില്‍ ലൈംഗിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്ന വിദേശികളിൽ ഇന്ത്യക്കാര്‍ കൂടുതല്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ബ്രിട്ടനില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെടുന്ന വിദേശികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ കണ്‍ട്രോള്‍ (സി.എം.സി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

2021നും 2024നും ഇടയില്‍ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ 62 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 687ല്‍ നിന്ന് 1,114 ആയി വര്‍ധിക്കുകയായിരുന്നു. ഇക്കാലയളവില്‍ രാജ്യത്തെ ശിക്ഷാനിരക്ക് 39.31 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഇതുവരെ 28 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയത്. 2022ല്‍ ഇത് 53ഉം 2023ല്‍ 67ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷം 100 കേസുകളാണ് രേഖപ്പെടുത്തിയതെന്നാണ് ഡാറ്റകള്‍ പറയുന്നത്. ഇവയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 72 ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ടു. അത് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് 257 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

2021 മുതലുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ നൈജീരിയ, ഇറാഖ്, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും വലിയ രീതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നൈജീരിയ-166, ഇറാഖ്-160, സുഡാന്‍-117, അഫ്ഗാനിസ്ഥാന്‍-115 ശതമാനം വർധനവോടെയാണ് കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നത്.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പ്രത്യേകം കണക്കുകളും സി.എം.സി പുറത്തുവിട്ടിട്ടുണ്ട്. നാല് വര്‍ഷത്തെ കാലയളവില്‍ ബംഗ്ലാദേശ് സ്വദേശികള്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ 100 ശതമാനം വര്‍ധനവാണ് ഉണ്ടായത്. പാകിസ്ഥാനികള്‍ ഏര്‍പ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ 47 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശ് ആറാം സ്ഥാനത്തും പാകിസ്ഥാന്‍ പതിനൊന്നാം സ്ഥാനത്തുമാണ്. ഈ നാല് വര്‍ഷത്തിനിടയില്‍ വിദേശ പൗരന്മാര്‍ക്കെതിരെ ഏകദേശം 75,000 നോണ്‍-സമ്മറി ശിക്ഷകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും സി.എം.സി പറയുന്നു. തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സി.എം.സിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Content Highlight: Convictions of Indians for sex crimes in UK surge, highest increase between 2021 & 2024

We use cookies to give you the best possible experience. Learn more