| Monday, 19th October 2026, 10:03 pm

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക്‌ ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം; ശിക്ഷ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

റെന്വര്‍ പി

അലഹബാദ്: 2027 ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച, കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷാവിധിയും ജീവപര്യന്തം തടവുശിക്ഷയും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തതായി റിപ്പോര്‍ട്ട്. 2017-ലെ ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട നന്ദ്ലാല്‍ റായ് എന്ന ‘ബബ്ലൂ റായ്’ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീലിലാണ് ജസ്റ്റിസ് സിദ്ധാര്‍ത്ഥ്, ജസ്റ്റിസ് വിനയ് കുമാര്‍ ദ്വിവേദി എന്നിവരടങ്ങുന്ന ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശില്‍ 2027-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായോ, അല്ലെങ്കില്‍ ബി.ജെ.പി ടിക്കറ്റിലോ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി ഇയാള്‍ അറിയിച്ചിരുന്നതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.

ജനപ്രതിനിധികള്‍ക്ക് തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോട് പ്രത്യേക കടമയുണ്ടെന്നും, ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടേക്കാമെന്നും കോടതി വാദിച്ചു. ഈ വാദങ്ങള്‍ പറഞ്ഞാണ് ശിക്ഷാ നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചതെന്നും ലൈവ് ലോയുടെയും ബാര്‍ ആന്‍ഡ് ബെഞ്ചിന്റെയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വാരണാസിയിലെ ഒരു കോടതി 2025 ഏപ്രിലിലാണ് നന്ദ്ലാല്‍ റായിയെ കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

‘കേസിലെ സാഹചര്യങ്ങളും വസ്തുതകളും പരിഗണിക്കുമ്പോള്‍, അപ്പീല്‍ തീര്‍പ്പാകുന്നതുവരെ പ്രതിക്ക് നല്‍കിയ ശിക്ഷാവിധിയും ശിക്ഷയും സ്റ്റേ ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു,’ എന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

രാമജന്മഭൂമി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രമോദ് കുമാര്‍ നിഗമിനെ കൊലപ്പെടുത്തിയ കേസിലാണ് റായ് ശിക്ഷിക്കപ്പെട്ടതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുണ്ടാസംഘാംഗത്തില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരിയുമായി റായിക്ക് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശിക്ഷിക്കപ്പെടുന്നതിന് മുന്‍പ് നന്ദ്ലാല്‍ റായ് ഒരു രാഷ്ട്രീയ വ്യക്തിത്വവും ഭാരതീയ ജനതാ പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

നന്ദ്ലാല്‍ റായുടെ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് ശിക്ഷാ നടപടികള്‍ ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. ഇരുഭാഗങ്ങളുടെയും വാദങ്ങളും കേസിന്റെ സാഹചര്യങ്ങളും പരിഗണിച്ച ശേഷം അപ്പീല്‍ തീര്‍പ്പാകുന്നതുവരെ റായിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Content Highlight:” Convicted of murder, ex-BJP man wants to contest 2027 UP polls. Now, court relief

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more