| Monday, 31st August 2026, 7:29 am

ഖാര്‍ഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച വിവാദം; കേസെടുക്കാന്‍ ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി-എസ്.ടി പ്രകാരം എഫ്.ഐ.ആര്‍

അഞ്ജു ചന്ദ്രന്‍

ഡെറാഡൂണ്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസാരിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി-എസ്.ടി പ്രകാരം ഹല്‍ദ്വാനിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിന്റെ പരാമര്‍ശം പട്ടികജാതി വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. ഖാര്‍ഗെക്കെതിരായ ജാതിയധിക്ഷേപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആഗസ്റ്റ് എട്ടിന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ ഖാര്‍ഗെ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ശേഷം ആ വേദിയില്‍ ശുദ്ധീകരണം നടത്തിയതാണ് വിവാദത്തിന് കാരണമായത്.

ഖാര്‍ഗെ ദളിത് നേതാവായതിനാലാണ് വേദി ശുദ്ധീകരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സംഭവത്തെ രാഹുല്‍ ഗാന്ധി അയിത്താചാരത്തിന്റെ ഭാഗമെന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ വേദിയില്‍ ശുചീകരണവും യജ്ഞവും നടത്തിയത് ഖാര്‍ഗെയുടെ ജാതിയുമായി ബന്ധപ്പെട്ടല്ലെന്നാണ് സംഘാടകരുടെയും ബി.ജെ.പിയുടെയും വാദം.

റാലിക്ക് ശേഷം മൈതാനത്ത് മാലിന്യം അവശേഷിച്ചതിനെ തുടര്‍ന്നാണ് ശുചീകരണയജ്ഞം നടത്തിയതെന്ന് ബി.ജെ.പി പറഞ്ഞു.

Content Highlights: Controversy over the purification of the venue where Kharge spoke; FIR registered under the SC/ST Act against Rahul Gandhi for demanding legal action.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more