| Sunday, 19th January 2025, 12:43 pm

സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ഗംഭീര്‍ വാദിച്ചു; രോഹിത്തിന്റെയും അഗാര്‍ക്കറിന്റെയും തീരുമാനം മറ്റൊന്ന്, റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ ദിവസത്തെ സസ്‌പെന്‍സിന് ശേഷം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

എന്നാല്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടീം സ്‌ക്വാഡ് തെരഞ്ഞെടുക്കുന്നതില്‍ മാനേജ്മെള്ളില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് അറിയുന്നത്.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിക്കണമെന്ന് പറഞ്ഞപ്പോള്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷബ് പന്തിന് മുന്‍തൂക്കം നല്‍കുകയായിരുന്നു. ഇതോടെ വിക്കറ്റ് കീപ്പിങ് സ്ഥാനത്തെ ചൊല്ലി ടീമില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മാത്രമല്ല വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുമെന്ന് കരുതിയ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ഗില്‍ എത്തിയതും അമ്പരപ്പിച്ചിരുന്നു. വൈസ്‌ക്യാപ്റ്റന്‍ സ്ഥാനത്ത് ഗംഭീര്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞപ്പോള്‍ മാനേജേമെന്റ് ശുഭ്മന്‍ ഗില്ലിന്റെ പേരാണ് നല്‍കിയത്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അഭിഷേക് ത്രിപാഠിയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

നിലവില്‍ മലയാളി സൂപ്പര്‍ താരം സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാത്തത് കാരണമാണ് താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തത് എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് സഞ്ജു നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സഞ്ജു മെയില്‍ അയച്ചിട്ടും കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

Content Highlight: Controversy in Indian squad for Champions Trophy

We use cookies to give you the best possible experience. Learn more