കാസറഗോഡ്: പ്രകോപനപരമായ മുദ്രാവക്യവുമായി ആര്‍.എസ്.എസിന്റെ പ്രകടനം. ആര്‍.എസ്.എസിന് നേരെ വന്നാല്‍ പള്ളിയില്‍ കയറി വെട്ടും ഞ്ഞങ്ങള്‍ എന്നാണ് പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ചത്. ഇന്നലെ കാഞ്ഞങ്ങാട് ടൗണില്‍ നൂറോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. അതിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ജമ്മുകാശ്മീരില്‍ മുസ്‌ലിം പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഇതില്‍ അക്രമമുണ്ടായി എന്നാരോപിച്ചായിരുന്നു ആര്‍.എസ്.എസിന്റെ പ്രകടനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാടും പ്രകടനം നടത്തിയത്.
എന്നാല്‍ തിങ്കളാഴ്ച്ച നടന്ന ഹര്‍ത്താല്‍ കാഞങ്ങാട് ബാധിച്ചിരുന്നില്ലെന്നും ഒരു അക്രമ സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും യുവജനതാതള്‍ കാസറഗോഡ് ജില്ലാ പ്രസിഡന്റ് നൗഫല്‍ പറഞ്ഞു.
അതേസമയം ക്രമസമാധാന പ്രശ്‌നങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാസറഗോഡ്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗഗര്‍, ആധൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പെട്ടികടകള്‍ രാത്രി 11 മണിവരെ തുറന്ന് പ്രവര്‍ത്തക്കാന്‍ പാടുള്ളുവെന്നും രാത്രി 10 മണിക്ക് ശേഷം കായിക പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ലെന്നും കാസറഗോഡ് ഡി.വൈ.എസ്.പി അറിയിച്ചിട്ടുണ്ട. വീഴ്ച്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണെന്നും നിര്‍ദേശമുണ്ട്.
സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലുണ്ടായ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൂന്നു ദിവസത്തേക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പൊലീസിനെ വിന്യസിക്കാനും പട്രേളിങ്ങ് ശക്തമാക്കാനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. അവധിയിലുള്ള പൊലീസുകാരോട് ഉടന്‍ തിരിച്ചെത്താനും ഡിജിപി നിര്‍ദേശിച്ചു.
അതേസമയം മതസ്പര്‍ധ വളര്‍ത്തുന്നരീതിയില്‍ മുദ്രാവാക്യം മുഴക്കിയതിന് കാഞ്ഞങ്ങാട് ആര്‍.എസ്.എസുകാര്‍ക്കെതിരെ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. വര്‍ഗീയകലാപത്തിന് ആഹ്വാനംചെയ്യുന്ന രൂപത്തില്‍ മുദ്രാവാക്യം വിളിച്ചു എന്ന പരാതിയിലാണ് കേസ്.
“1992 മറന്നോ എന്നും ഹിന്ദുത്വത്തിന് നേരെവന്നാല്‍ തച്ചുടക്കുമെന്നും ഗുജറാത്ത് ഓര്‍മയുണ്ടാവണമെന്നും പള്ളിയില്‍ കേറി വെട്ടുമെന്നും” ഭീഷണിമുഴക്കിയായിരുന്നു പ്രകടനം. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ആര്‍.എസ്എസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ചെയ്തതോടെ വിവാദമാവുകയായിരുന്നു. നേരത്തെ മാര്‍ഗതടസ്സത്തിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മാത്രമാണ് ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ 153 (എ) വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
മാസങ്ങള്‍ക്കുമുമ്പ് കേന്ദ്രസര്‍ക്കാറിനെതിരെ കാഞ്ഞങ്ങാട്ട് സമസ്ത കോഓഡിനേഷന്‍ കമ്മിറ്റി നടത്തിയ ശരീഅത്ത് സംരക്ഷണറാലിയില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച്, നേതൃത്വം നല്‍കിയ സമസ്ത നേതാക്കളടക്കമുള്ളവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു.
രണ്ട് വര്‍ഷം മുമ്പ് കാസറഗോഡ് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ പള്ളിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പേരില്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റംചുമത്തിയിരുന്നു. കേളുഗുഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), മാത്തെയിലെ നിതിന്‍ (19), കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ പേരിലാണ് കുറ്റം ചുമത്തിയിരുന്നത്.
പള്ളിമുറിയില്‍ അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കൊലപ്പെടുത്തുകയും അടുത്ത മുറിയിലുണ്ടായിരുന്ന ആളെ കല്ലെറിയുകയും ചെയ്തുവെന്നായിരുന്നു കുറ്റം. നൂറുപേരുടെ സാക്ഷിപ്പട്ടിക പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ട്. പള്ളിയുടെ പിന്നില്‍ താമസിക്കുന്ന സി.എച്ച്.ഹാഷിമാണ് ഒന്നാം സാക്ഷി. സംഭവം പോലീസിനെ അറിയിച്ചത് ഹാഷിമായിരുന്നു. ഖത്തീബ് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ രണ്ടാംസാക്ഷിയും അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സുധാകരന്‍ നൂറാം സാക്ഷിയുമാണ്.
ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്, കണ്ടെടുത്ത ആയുധങ്ങള്‍ തുടങ്ങിയവ തൊണ്ടിമുതലായി ഹാജരാക്കിയിട്ടുണ്ട്. മാര്‍ച്ച് 20-ന് രാത്രി 11.45 ഓടെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.