| Wednesday, 18th February 2026, 11:22 am

തുടര്‍ഭരണം എന്നത് ഒഴിച്ചുകൂടാനാകാത്തത്; നവകേരള സര്‍വേ ശില്‍പശാല പ്രസംഗത്തില്‍ മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

കോഴിക്കോട്: നവകേരള സര്‍വേയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം വിവാദത്തില്‍. മനോരമ ന്യൂസ് പുറത്തുവിട്ട പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പാണ് വിവാദത്തിലായിരിക്കുന്നത്.

സര്‍വേയുടെ ഭാഗമാകാന്‍ പോകുന്നവര്‍ക്ക് വേണ്ടി കഴിഞ്ഞ ഒക്ടോബര്‍ 22ന് തിരുവനന്തപുരത്ത് നടത്തിയ ശില്‍പശാലയിലെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നല്ല രീതിയില്‍ നമുക്ക് മുന്നേറാനായിട്ടുണ്ടെന്നും എന്നാല്‍ ആ മുന്നേറ്റത്തിന് ഒരു തുടര്‍ഭരണം എന്നത് ഒഴിച്ചുകൂടാനാകാത്തതാണെന്നും മുഖ്യമന്ത്രി പറയുന്നതായി ഓഡിയോ ക്ലിപ്പില്‍ കേള്‍ക്കാം. ചീഫ് സെക്രട്ടറി അടക്കം പങ്കെടുത്ത പരിപാടിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കേരളത്തിലെ വികസനം സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും അറിയാനാണ് നവകേരള സര്‍വേ നടത്തുന്നതെന്ന ഇടത് നേതാക്കളുടെ വിശദീകരണങ്ങള്‍ക്ക് ഇടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം പുറത്തുവരുന്നത്.

നവകേരള സര്‍വേയുടെ ഭാഗമായി വീടുകള്‍ സന്ദര്‍ശിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് ഇതെല്ലാം ബോധ്യമുണ്ടാകണമെന്നില്ല. പ്രകോപിതരാകാതെ നല്ല ധാരണയോടെ ആളുകളെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്.

‘അവര്‍ക്ക് വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഉണ്ടാകും. ആ അഭിപ്രായങ്ങള്‍ കേള്‍ക്കാനാണ് നമ്മള്‍ പോകുന്നത്. ആ ധൗത്യം നിര്‍വഹിക്കാന്‍ പോകുമ്പോള്‍ ഒരുപാട് ആശയങ്ങളും അഭിപ്രായങ്ങളും അവര്‍ പ്രകടിപ്പിച്ചെന്ന് വരും. അതുകേട്ട് വിശദീകരണം കൊടുക്കാതെ വരാന്‍ പാടില്ല. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ വിശദീകരണം കൊടുക്കാന്‍ കഴിയണം. ഇവിടെ പത്ത് വര്‍ഷമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയാണ്. ഇനി വീണ്ടും അത് തുടരണമോ? ഒരു തരത്തിലുമുള്ള ഭരണവിരുദ്ധ വികാരവും നാട്ടില്‍ നിലനില്‍ക്കുന്നില്ല. അതാണ് യഥാര്‍ത്ഥ വസ്തുത,’ മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ (ചൊവ്വ) നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സര്‍വേക്കായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.

Content Highlight: Continuity of governance is inevitable; Chief Minister in his speech at the Navakerala Survey workshop

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more