| Wednesday, 26th November 2025, 8:52 am

സുഡാനിലെ ആഭ്യന്തരകലാപം; ഇരുവരും വെടിനിർത്തൽ പദ്ധതി അംഗീകരിക്കണം: അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: സുഡാനിലെ വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ സുഡാൻ സൈന്യത്തോടും ആർ.എസ്.എഫി(റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്)നോടും ആഹ്വാനം ചെയ്ത് അമേരിക്ക. ഉപാധി രഹിതമായി വെടിനിർത്തൽ പദ്ധതി അംഗീകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

സുഡാനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു സമഗ്ര വെടിനിർത്തൽ പദ്ധതി അവതരിപ്പിച്ചെന്നും എന്നാൽ ഇരുകൂട്ടരും അത് അംഗീകരിച്ചില്ലെന്നും യു.എസിന്റെ ആഫ്രിക്കൻ ഉപദേഷ്ടാവായ മസാദ് ബൗലോസ് പറഞ്ഞു. ചൊവ്വാഴ്ച അബുദാബിയിൽ നടന്ന വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ബൗലോസ്.

തങ്ങൾ അവതരിപ്പിച്ച വെടിനിർത്തൽ പദ്ധതി അതിന്റെ യഥാർത്ഥ രൂപത്തിൽ തന്നെ സ്വീകരിച്ച് നടപ്പിലാക്കണമെന്ന് സുഡാനിലെ സായുധ സേനയോടും ആർ.എസ്.എഫിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

ആർ.എസ്.എഫ് ഏകപക്ഷീയമായി മൂന്ന് മാസത്തേക്ക് വെടിനിർത്തൽ പാലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബൗലോസിന്റെ പരാമർശം.

ആർ.എസ്.എഫിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബൗലോസ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സുഡാൻ സൈന്യവും ആർ.എസ്.എഫും നടത്തുന്ന ക്രൂരതകളെ അപലപിക്കുന്നുവെന്നും ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളത്തിൽ യു.എ.ഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു.

2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം സുഡാനിൽ അവതരിപ്പിച്ചതിൽ ഏറ്റവും മോശം പദ്ധതിയാണ് ഇതെന്ന് സുഡാൻ സൈനിക മേധാവി അബ്‍ദുൽ ഫത്താഹ് അൽ ബുർഹാൻ നേരത്തെ ആരോപിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെയുള്ള മധ്യസ്ഥർ പക്ഷപാതപരമായി പെരുമാറുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആർ.എസ്.എഫ് പ്രദേശങ്ങളിൽ നിന്നും പൂർണമായി പിന്മാറിയാൽ മാത്രമേ സുഡാൻ സൈന്യം വെടിനിർത്തലിന് സമ്മതിക്കുള്ളുവെന്നും ബുർഹാൻ വ്യക്തമാക്കിയിരുന്നു.

ഈജിപ്ത്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് മുന്നോട്ടുവെച്ച പദ്ധതി ആർ.എസ്.എഫിനെ നിലനിർത്തുകയും സുഡാൻ സൈന്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എൽ ഫാഷറിൽ ആർ.എസ്.എഫ് യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

എൽ ഫാഷറിലെ നിരായുധരായവരെ വധിച്ചെന്നും സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ചെന്നും അതിക്രമങ്ങൾ അതിജീവിച്ച 28 പേരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയെന്നും ആംനസ്റ്റി റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Continuing civil unrest in Sudan; Both sides should accept ceasefire plan: US

We use cookies to give you the best possible experience. Learn more