| Saturday, 21st March 2026, 2:33 pm

ചാരിറ്റി മാഫിയ കിങ് എന്ന പേരുവീണു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ തെറ്റായിരുന്നു: ഫിറോസ് കുന്നംപറമ്പില്‍

അനിത സി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍. മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം അഞ്ച് വര്‍ഷത്തിനിപ്പുറമാണ് ഫിറോസ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിലെ നിരാശ തുറന്നുപറഞ്ഞിരിക്കുന്നത്.

വ്യക്തിപരമായി തനിക്ക് തെരഞ്ഞെടുപ്പിന് ശേഷം വലിയ വില നല്‍കേണ്ടി വന്നു. തന്നെ സൈബറിടങ്ങളില്‍ ചാരിറ്റി മാഫിയ കിങ് എന്ന് വിശേഷിപ്പിക്കാന്‍ ആരംഭിച്ചുവെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇടതുസൈബറിടങ്ങളാണ് തനിക്ക് ആ പേര് നല്‍കിയതെന്നും ഫിറോസ് ആരോപിക്കുന്നുണ്ട്.

എല്‍.ഡി.എഫ് ഭരണം തന്നെ നിലവില്‍ വന്നതോടെ തനിക്കെതിരെ നിയമനടപടികളുണ്ടായെന്നും ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞു.ഒരുപാട് ഒറ്റപ്പെട്ടു. മാനുഷിക പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങളായിരുന്നിട്ടുപോലും പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ മാറ്റി നിര്‍ത്തിയെന്നും അദ്ദേഹം പ്രതികരിച്ചു.

തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് വരെ ആളുകള്‍ വിശ്വസിക്കുകയും സഹായങ്ങള്‍ക്കായി സമീപിക്കുകയും ചെയ്തിരുന്നു. അതുവരെ ചികിത്സാ സഹായങ്ങള്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പുകള്‍ വരെ ചാരിറ്റി ഫൗണ്ടേഷനിലൂടെ നിര്‍മിച്ചു നല്‍കിയിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നെന്നും കളവ് ചെയ്തിട്ടില്ലെന്നും ഫിറോസ് അവകാശപ്പെടുന്നുണ്ട്.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയിലൂടെയാണ് താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. ആവശ്യപ്പെട്ടതിലും കൂടുതല്‍ തുക ലഭിച്ചാല്‍ ബാക്കി തുക തിരികെ നല്‍കിയിരുന്നു, അത് മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നെന്നും വലിയ ജനപിന്തുണയാണ് തനിക്കുണ്ടായിരുന്നതെന്നും ഫിറോസ് പറഞ്ഞു. ആ ജനകീയതയെല്ലാം 2021ലെ തെരഞ്ഞെടുപ്പോടെ നഷ്ടമായെന്ന് ഫിറോസ് പറഞ്ഞു.

2021ല്‍ തവനൂരില്‍ കെ.ടി ജലീലിനെതിരെയായിരുന്നു ഫിറോസ് മത്സരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കെയാണ് പാലക്കാട് സ്വദേശിയായ ഫിറോസ് തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയത്.

തോറ്റെങ്കിലും ജലീലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യു.ഡി.എഫ് വാദിച്ചിരുന്നത്. ഇക്കാര്യം ഫിറോസും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷം നിലപാട് തിരുത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍.

Content Highlight: Contesting in elections was a big mistake: Firoz Kunnamparambil

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more