കല്‍പ്പറ്റ: മുത്തങ്ങ സമര കാലത്ത് പൊലീസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എം. ഗീതാനന്ദന്‍ അടക്കമുള്ളവര്‍ കുറ്റക്കാരല്ലെന്ന് വിചാരണ കോടതി. വിനോദ് എന്ന പൊലീസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഗീതാനന്ദന്‍ അടക്കം പ്രതിപ്പട്ടികയിലുണ്ടായിരുന്ന 56 പേരെ കോടതി വെറുതെ വിട്ടത്.
കൊലപാത കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നായിരുന്നു എം. ഗീതാനന്ദന്‍ അടക്കമുള്ളവര്‍ക്കെതിരായ ആരോപണം. എന്നാല്‍ അദ്ദേഹത്തിനെതിരായ ഗൂഢാലോചന കോടതിക്ക് തെളിയിക്കാനായില്ലെന്ന് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
കൊലപാതക കേസില്‍ രണ്ടാം പ്രതി അശോകന്‍ മാത്രമാണ് കുറ്റക്കാരനെന്നും കോടതി വിധിയില്‍ പറയുന്നു. അശോകന്‍ മരണപ്പെട്ടതിനാല്‍ കോടതി ശിക്ഷ വിധിച്ചില്ല. വിനോദിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി ഉത്തരവില്‍ പറയുന്നു. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു.
അതേസമയം മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ഒരു വധശ്രമ കേസില്‍ ഗീതാനന്ദന്‍ അടക്കം നാല് പേരെ അഞ്ച് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അബ്ദുല്‍ സലാം എന്ന പൊലീസുകാരനെ അക്രമിച്ച കേസിലാണ് ശിക്ഷ. കേസില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കം ചുമത്തിയിരുന്നു. പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
സംഘം ചേരല്‍, തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങളാണ് വധശ്രമ കേസില്‍ ഇവര്‍ക്കെതിരെ തെളിയിക്കാനായത്. ഈ കേസിലും ഗൂഢാലോചന കുറ്റം തെളിഞ്ഞിട്ടില്ല.
23 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഈ കേസുകളില്‍ വിധി വരുന്നത്. മുത്തങ്ങ സമരകാലത്ത് 2003 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് വെടിവെപ്പില്‍ ആദിവാസി യുവാവ് ജോഗിയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദ് കുമാറും കൊല്ലപ്പെടുകയായിരുന്നു. ജോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമല്ല.
സി.കെ. ജാനുവും എം. ഗീതാനന്ദനും അടക്കമുള്ളവര്‍ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. വിനോദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുകയായിരുന്നു. ഈ ഗൂഢാലോചന കുറ്റമാണ് ഇപ്പോള്‍ വിചാരണ കോടതി തള്ളിയത്.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ആറെണ്ണവും നേരത്തെ പിന്‍വലിച്ചിരുന്നു.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ഇന്ന് ഗീതാനന്ദന്‍ പറഞ്ഞിരുന്നു. കോടതി വിധി വരുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസ് കള്ളക്കേസ് എന്നു തന്നെ പറയാവുന്ന കേസാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ചരിത്രത്തിലുണ്ടായിരുന്ന ഏറ്റവും വലിയ നരവേട്ടയാണ് മുത്തങ്ങയിലുണ്ടായത്. സ്റ്റേറ്റിന്റെ ആ കുറ്റകൃത്യത്തെ മറച്ചുവെക്കാനും അതിലുള്ള യഥാര്‍ത്ഥ ഇരകള്‍ക്ക് നീതി കിട്ടാതിരിക്കാനും കെട്ടിച്ചമച്ച കഥയാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ആദിവാസികളാണ് എന്ന കഥയെന്നും എം. ഗീതാനന്ദന്‍ പറഞ്ഞു.
Content Highlight: Muthanga: Verdict on Cases Against M Geethanandan