| Friday, 15th May 2026, 9:02 pm

ദൃശ്യത്തിലേക്ക്‌ വിളിച്ചപ്പോൾ ആദ്യം നോ പറഞ്ഞു, അന്ന് മകൾക്ക് രണ്ട്‌ വയസ്സേയുള്ളൂ; മീന

കെ.എസ് ഷാബിന

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ക്ലാസിക് ത്രില്ലർ സിനിമയാണ് ‘ദൃശ്യം’. റിലീസ് ചെയ്ത് 12 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്കിടയിൽ ചിത്രം ചർച്ചയാവുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായി ‘റാണി’ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ താരം മീന, ദൃശ്യത്തിലെ ആ വൈകാരിക നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു

ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിൽ സംഘടിപ്പിച്ച പ്രത്യേക ചർച്ചയിലായിരുന്നു മീനയുടെ തുറന്നുപറച്ചിൽ.

ദൃശ്യം.Photo:Imdb

ദൃശ്യം ഒന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സമയത്ത് മീനയുടെ മകൾക്ക് വെറും രണ്ട്‌ വയസായിരുന്നു പ്രായം. ആ സമയത്ത് സിനിമയിലെ ഗൗരവകരമായ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ താരത്തിന് പ്രയാസമായിരുന്നു. അതിനാൽ തന്നെ ചിത്രം വേണ്ടെന്നുപോലും താൻ കരുതിയിരുന്നതായി മീന പറയുന്നു.

‘ദൃശ്യം ഒന്നിന്റെ സമയത്ത് സാഹചര്യങ്ങൾ അത്ര കണ്ട് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടും മൂന്നും ഭാഗങ്ങളിലേക്ക് എത്തിയപ്പോൾ ഒരു അമ്മയുടെ വേദന എനിക്ക് പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു’ – മീന പറയുന്നു.

ദൃശ്യം.Photo:India Tv News

സിനിമയിലെ ഒരു കയ്യബദ്ധം കാരണം സംഭവിച്ചു പോയ കാര്യങ്ങൾ റാണിയെന്ന അമ്മയെ വല്ലാതെ വേട്ടയാടിയിരുന്നു. തന്റെ മകളുടെ ഭാവി എന്താകും, അവൾക്ക് സന്തോഷകരമായ ഒരു ജീവിതം ഇനി ഉണ്ടായേക്കുമോ എന്നൊക്കെയുള്ള ആകുലതകൾ ഒരു ഘട്ടത്തിൽ മീനയെ വല്ലാതെ തളർത്തി. ശരിക്കും ഒരു ‘ജോർജുകുട്ടി’യായി മാറിയ മാനസികാവസ്ഥയിലായിരുന്നു താനെന്നും താരം പങ്കുവെച്ചു. ചിത്രത്തിന്റെ അവസാനം ഐ.ജി ഗീത പ്രഭാകറിനെക്കുറിച്ച് റാണി പറയുന്ന “എന്തൊക്കെയാണെങ്കിലും അവരും ഒരു അമ്മയല്ലേ” എന്ന വാക്കുകൾ ഒരു അമ്മയുടെ വികാരത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

സസ്പെൻസ് ത്രില്ലർ എന്നതിലുപരി, കുടുംബബന്ധങ്ങളുടെയും രണ്ടച്ഛനമ്മമാരുടെ കരുതലിന്റെയും കഥ കൂടിയാണ് ദൃശ്യം. ദൃശ്യം 3-ലേക്ക് കഥ നീങ്ങുമ്പോൾ, നിയമത്തെ നേരിടാൻ ജോർജ് കുട്ടി ഇനി എന്താണ് ചെയ്തിട്ടുണ്ടാവുക, ഈ രണ്ട് കുടുംബങ്ങൾക്കും ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Content Highlight: Meena talks about emotional scenes in Drishyam Movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more