| Wednesday, 4th November 2026, 10:39 pm

മെസിയും മുള്ളറും ഒരുമിച്ച് വീണു; ചരിത്രം തിരുത്തിക്കുറിച്ച് ന്യൂയർ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ അത്‌ലെറ്റിക്കോ മാഡ്രിഡിനെതിരെ തകർപ്പൻ വിജയമായിരുന്നു ബയേൺ മ്യൂണിക് സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ വമ്പന്മാരുടെ വിജയം.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ലെന്നാർട്ട് കാൾ, കോൺറാഡ് ലൈമർ എന്നിവരാണ് ബയേൺ മ്യൂണിക്കിന് വേണ്ടി വല കുലുക്കിയത്. ഈ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഒരു വമ്പൻ റെക്കോഡാണ് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയർ സ്വന്തമാക്കിയത്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമായാണ് ന്യൂയർ മാറിയത്. സ്പാനിഷ് ടീമിനെതിരെയുള്ള മത്സരം ന്യൂയറിന്റെ 164ാം മത്സരമായിരുന്നു. 163 മത്സരങ്ങൾ കളിച്ച അർജന്റൈൻ ഇതിഹാസം ലയണൽ മെസി, ജർമൻ ഇതിഹാസം തോമസ് മുള്ളർ എന്നിവരെയാണ് ന്യൂയർ മറികടന്നത്.

2011 മുതൽ ബയേൺ മ്യൂണിക്കിന്റെ ഗോൾമുഖത്ത് രക്ഷകനായി നിലയുറപ്പിച്ച ന്യൂയർ ക്ലബ്ബിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. തന്റെ 40ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി കുതിക്കുന്ന ന്യൂയർ ടീമിനൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്. 13 ബുണ്ടസ് ലീഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബയേണിനൊപ്പം നേടിയ ന്യൂയർ ഏഴ് ഡി.എഫ്.ബി കിരീടങ്ങളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 183 മത്സരങ്ങളിലാണ് റൊണാൾഡോ കളത്തിലിറങ്ങിയത്. 177 യു.സി.എൽ മത്സരങ്ങൾ കളിച്ച സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ കസിയസാണ് പട്ടികയിലെ രണ്ടാമൻ.

അതേസമയം നിലവിൽ യു.സി.എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയുമായി എട്ട് പോയിന്റാണ് ജർമൻ വമ്പന്മാരുടെ അക്കൗണ്ടിലുള്ളത്. ബുണ്ടസ് ലീഗയിലും ബയേൺ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും മൂന്ന് സമനിലയുമായി 18 പോയിന്റാണ് ടീമിനുള്ളത്.

ജർമൻ ലീഗിൽ നവംബർ ഏഴിന് മെയ്ൻസിനെതിരെയാണ് ബയേൺ മ്യൂണിക്കിന്റെ അടുത്ത മത്സരം. എതിർ ടീമിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം.

Content Highlight: Manuel Neuer break Lionel Messi and Thomas Muller record in UEFA champions league

Latest Stories

We use cookies to give you the best possible experience. Learn more