പുതുതലമുറയുടെ ആവേശവും വേഗതയും മലയാള സിനിമയിൽ കൊണ്ടുവന്ന സംവിധായകനാണ് ജീൻ പോൾ ലാൽ. പ്രശസ്ത നടനും സംവിധായകനും ആയ ലാലിന്റെ മകൻ എന്ന ലേബലിൽ എത്തി, പിന്നീട് സ്വന്തം സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ‘ലാൽ ജൂനിയർ’ ആയി അദ്ദേഹം മാറി.
‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധാന മികവ് തെളിയിച്ച ജീൻ, ‘മഞ്ഞുമ്മൽ ബോയ്സ്’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മികച്ചൊരു നടൻ കൂടിയാണെന്ന് പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ ബോക്സ് ഓഫീസ് വിജയം നേടിയ അദ്ദേഹം നടനെന്ന നിലയിലും മുന്നേറുകയാണ്.
ജീൻ പോൾ ലാൽ .Photo:Screengrab
ടോവിനോ തോമസിനെ നായകനാക്കി ജീൻ സംവിധാനം ചെയ്ത 2024ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു’നടികർ’. വലിയ ഹൈപ്പിൽ എത്തിയ ചിത്രം തിയേറ്ററിൽ പരാജയം ആണ് നേരിട്ടത്. ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് സംവിധായകൻ ജീൻ പോൾ ലാൽ സംസാരിക്കുകയാണ്. മനോരമ ഓൺലൈനിൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീൻ.
‘വിജയിക്കാൻ വേണ്ടി മാത്രം സിനിമയിൽ വരാൻ പറ്റില്ല. പരാജയം എല്ലാവർക്കും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഫേസ് ചെയ്യേണ്ടി വരും. പിന്നീട് അതിൽ നിന്ന് റിക്കവറായി വരാൻ കുറച്ചു സമയമെടുക്കും. നമ്മൾ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നത് പോലെ വലിയ കാര്യമായിട്ടാണ് ഒരു സിനിമയെ ഉണ്ടാക്കുന്നത്. അപ്പോൾ അതിനെ ആരെങ്കിലും കുറ്റം പറയുമ്പോൾ, അല്ലെങ്കിൽ ഒരു റണ്ണിങ് റേസിൽ നാലാമത് ഒക്കെ എത്തുമ്പോൾ നമുക്ക് സങ്കടം വരും.
നടികർ .Photo:IMDB
പക്ഷെ ആ സങ്കടം കൊച്ചിനോടും കാണിക്കാൻ കഴിയില്ല, ആളുകളോടും കാണിക്കാൻ കഴിയില്ല. ‘കുഴപ്പമില്ല, അടുത്ത പടം നമ്മൾ ചെയ്യും’ എന്ന് വിചാരിക്കും, അത്രയേയുള്ളൂ. എനിക്ക് സങ്കടം വന്നത്, അവർക്ക് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാവാൻ ഞാൻ കാരണമായല്ലോ എന്ന് ഓർക്കുമ്പോഴാണ്.
നസീർ സാർ സിനിമ പരാജയപ്പെട്ടാൽ കാശ് തിരിച്ചു കൊടുക്കുമെന്ന് കേട്ടിട്ടുണ്ട്. അത് നമുക്കൊരു കുറ്റബോധം വരുന്നതുകൊണ്ടാണ്. കാരണം, നമ്മളെ വിശ്വസിച്ചിട്ടാണ് ഇവർ കാശ് മുടക്കുന്നത്. അപ്പോൾ അവർക്കായി എനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നാണ് നമ്മൾ നോക്കേണ്ടത്. ആ സമയത്തൊക്കെ ഇത്രയും വലിയ ബജറ്റിൽ ഒരു പടം വരുമ്പോൾ എനിക്ക് എന്ത് ചെയ്യാൻ പറ്റും? അവർക്ക് ആ നഷ്ടം വന്നത് വന്നത് തന്നെയാണ്. ‘നടികർ’ എന്ന സിനിമയുടെ മറ്റൊരു വശം എന്ന് പറയുന്നത്, ആ സിനിമ തിയേറ്ററുകളിൽ ഓടിയിരുന്നെങ്കിൽ അവരുടെ പ്രൊഡക്ഷൻ ബാനർ ആയതുകൊണ്ട് തന്നെ എനിക്ക് ഇന്ത്യയിൽ ആരെ വെച്ച് വേണമെങ്കിലും സിനിമ ചെയ്യാമായിരുന്നു,’ ജീൻ പോൾ ലാൽ പറഞ്ഞു.
Content Highlight: Jean Paul Lal discusses the failure of Nadikar