| Thursday, 23rd April 2026, 1:01 pm

ഒരു ഗ്രൗണ്ടില്‍ത്തന്നെ മൂന്ന് ഗോള്‍ പോസ്റ്റുകള്‍, മൂന്ന് ടീമുകളും; ഒമേഗ ഫുട്‌ബോളിന് തുടക്കം കുറിച്ച് മദ്രാസ് ഐ.ഐ.ടി

ശ്രീരാഗ് പാറക്കല്‍

ഫുട്‌ബോളിന്റെ പരിഷ്‌കൃത രൂപമായ ഒമേഗ ബോളിന് തുടക്കം കുറിച്ച് മദ്രാസ് ഐ.ഐ.ടി. പഠനഗവേഷണങ്ങള്‍ക്കു പുറമേ കായികമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഐ.ഐ.ടിയാണ് മദ്രാസിലേത്. യൂറോപ്പിലും അമേരിക്കയിലും അതിവേഗം പ്രചാരം നേടുന്ന മത്സരമാണ് ഒമേഗ ബോള്‍.

മദ്രാസ് ഐ.ഐ.ടിയില്‍ ഒമേഗ ബോള്‍ കളിക്കുന്നു

ചെന്നൈയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഏപ്രില്‍ 17ന് അവര്‍ ആദ്യത്തെ ഒമേഗ ബോള്‍ മത്സരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഫുട്‌ബോളിനോട് സാമ്യമുള്ള ഈ കളിയില്‍, ഒരു ഗ്രൗണ്ടില്‍ ഒരേ സമയം 3 ടീമുകള്‍ കളിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. ഫുട്‌ബോള്‍ ഫോര്‍മാറ്റിന്റെ ചെറുരൂപമായ ഒമേഗ ബോളും അതിവേഗം പ്രചാരം നേടുമെന്നാണ് പ്രതീക്ഷ.

വൃത്താകൃതിയിലുള്ള കളത്തിലാണ് കളി. 53-55 മീറ്ററാണ് ഗ്രൗണ്ടിന്റെ വ്യാസം. 120 ഡിഗ്രി വീതം അകലത്തില്‍ മൂന്ന് ഗോള്‍ പോസ്റ്റുകളുണ്ടാകും. അഞ്ച് പേരടങ്ങുന്ന മൂന്ന് ടീമുകളാണ് ഒരു കളിയില്‍ ഇറങ്ങുക. ഓരോ ടീമിനും മൂന്ന് റിസര്‍വ് താരങ്ങളുമുണ്ടാകും.

ഓരോ ടീമിനും മറ്റു രണ്ട് ടീമുകളുടെയും പോസ്റ്റില്‍ ഗോളടിച്ചു പോയിന്റ് നേടാം. ഒരു ഗോളിന് ഒരു പോയിന്റാണ് നേടാന്‍ സാധിക്കുക. സെല്‍ഫ് ഗോളടിച്ചാല്‍ ഒരു മൈനസ് പോയിന്റുണ്ടാകും. 13 മിനിട്ട് വീതമുള്ള മൂന്ന് ഭാഗങ്ങളും നാല് മിനിട്ട് വീതമുള്ള രണ്ട് ഇടവേളകളുമാണ് മത്സരത്തിനുള്ളത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം വിജയിക്കും.

ഫുട്‌ബോളിലെ ഓഫ് സൈഡ്, ത്രോ ഇന്‍ എന്നിവയില്ല. എന്നാല്‍ പന്ത് ഔട്ടായാല്‍ പ്രത്യേകം അടയാളപ്പെടുത്തി സ്ഥലത്ത് നിന്ന് കോര്‍ണര്‍ കിക്കോടെ മത്സരം പുനരാരംഭിക്കും.

ഫുട്‌ബോളിലേതുപോലെ പന്ത് വച്ചുതാമസിപ്പിക്കാന്‍ കഴിയില്ല. ഡെഡ്‌ബോള്‍ വന്നാല്‍ അതിവേഗം കളി തുടങ്ങണം. ഓഫ് സൈഡ് നിയമം ഇല്ലാത്തതിനാല്‍ എതിര്‍ടീമിന്റെ ഗോള്‍പോസ്റ്റിനടുത്തു നിന്ന് അവസരം കിട്ടുമ്പോള്‍ ഗോളടിക്കാന്‍ ശ്രമിക്കാം. ഒമോഗ ബോളിന്റെ നിയമങ്ങള്‍ കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ.

Content Highlight: IIT Madras has launched Omega Ball, a modified form of football

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more