| Tuesday, 14th January 2025, 7:41 pm

നിറത്തിന്റെ പേരില്‍ അവഹേളനം; കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ നവവധു ആത്മഹത്യ ചെയ്തു. ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനമാണ് മരണകാരണമെന്ന് ഷഹാനയുടെ കുടുംബം പറയുന്നു.

നിറത്തിന്റെ പേരില്‍ വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഒറയൂര്‍ സ്വദേശിയായ അബ്ദുല്‍ വാഹിദാണ് പെണ്‍കുട്ടിയുടെ പങ്കാളി.

2024 മെയ് 27നാണ് പെണ്‍കുട്ടിയുടെ നിക്കാഹ് നടന്നത്. പിന്നീട് വിവാഹം കഴിഞ്ഞ് 20 ദിവസം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുള്ളു. തുടര്‍ന്ന് അബ്ദുല്‍ വാഹിദ് വിദേശത്തേക്ക് പോകുകയായിരുന്നു.

വിദേശത്ത് എത്തിയ ശേഷം പെണ്‍കുട്ടിക്ക് വേണ്ടത്ര വെളുപ്പ് നിറമില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദ് അവഹേളിക്കുകയായിരുന്നു. ബന്ധം ഒഴിയാന്‍ വീട്ടുകാരും ഭര്‍ത്താവും പെണ്‍കുട്ടിയില്‍ സമ്മര്‍ദവും ചെലുത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ തങ്ങളെ അറിയിച്ചിരുന്നതായാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. കുറച്ച് ദിവസങ്ങളായി പെണ്‍കുട്ടി മാനസികമായി സംഘര്‍ഷത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ന് (ചൊവ്വ) രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ സ്വന്തം വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് വിദേശത്ത് നിന്നെത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. നാളെ ഖബറടക്കും.

Content Highlight: Contempt on account of colour; New bride commits suicide in Kondotty

We use cookies to give you the best possible experience. Learn more