| Thursday, 25th September 2025, 11:32 am

ബാബരിയുടെ നിര്‍മാണം അടിസ്ഥാനപരമായ അവഹേളനം; വിവാദ പരാമര്‍ശവുമായി ഡി.വൈ. ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി.വൈ. ചന്ദ്രചൂഡ്. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തുകൊണ്ടാണെന്നും ഡി.വൈ. ചന്ദ്രചൂഡ് പറയുന്നു.

‘സംഭവിച്ചതെല്ലാം നമ്മള്‍ മറക്കുന്നു. ചരിത്രം നമ്മള്‍ മറക്കുന്നു. പുരാവസ്തുരേഖകളുടെ രൂപത്തില്‍ നമ്മുടെ കൈവശം ഈ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിന് നേരെ നമുക്ക് എങ്ങനെ കണ്ണടയ്ക്കാന്‍ പറ്റും?

പലര്‍ക്കും ചരിത്രത്തെ കുറിച്ച് ഒരു സെലക്ടീവ് വീക്ഷണമാണ് ഉള്ളത്. ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിനപ്പുറം സംഭവച്ച കാര്യങ്ങളെ അവഗണിക്കുകയും എളുപ്പത്തില്‍ താരമ്യപ്പെടുത്താവുന്ന ചില തെളിവുകളിലേക്ക് നിങ്ങള്‍ പോകുകയും ചെയ്യുന്നു,’ ചന്ദ്രചൂഡ് പറഞ്ഞു.

ന്യൂസ് ലോണ്‍ഡ്രിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നും അതിന് പുരാവസ്തു രേഖകള്‍ ലഭ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

പുരാവസ്തു ഗവേഷണത്തില്‍ നിന്ന് ലഭിച്ച തെളിവുകളുടെ മൂല്യം എന്താണെന്നതൊക്കെ ഒരു പ്രത്യേക വിഷയമാണ്. അയോധ്യ കേസിലെ വിധി കേവലം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല, തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ചന്ദ്രചൂഡ് പറയുന്നു.

2019 നവംബര്‍ ഒമ്പതിന്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വിധി പറഞ്ഞിരുന്നു.

ഒപ്പം അയോധ്യയില്‍ തന്നെ ബദലായി അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി നിര്‍മിക്കാമെന്നും വിധിച്ചിരുന്നു. അതേസമയം മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ചന്ദ്രചൂഡിന് പുറമെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരായിരുന്നു അയോധ്യ കേസിലെ വിധി പറഞ്ഞ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയും ഒരു അടഞ്ഞ വിഷയമല്ലെന്നാണ് ചന്ദ്രചൂഡ് ഇപ്പോൾ പറയുന്നത്. ഒരുപാട് കാലം ഹിന്ദുക്കള്‍ പള്ളിയുടെ നിലവറകളില്‍  ആരാധന നടത്തിയിട്ടുണ്ട്. ഇത് തര്‍ക്കമറ്റ വിഷയമാണെന്നും ഡി.വൈ. ചന്ദ്രചൂഡ് ശ്രീനിവാസന്‍ ജയനുമായ അഭിമുഖത്തില്‍ പറഞ്ഞു.

വിരമിച്ചതിന് ശേഷം എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട എന്നതിനെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാനങ്ങള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Content Highlight: Construction of Babri is a fundamental insult; DY Chandrachud makes controversial remarks

We use cookies to give you the best possible experience. Learn more