ന്യൂദൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ലോക്സഭയിൽ വോട്ട് ചെയ്യാൻ വിമതരുൾപ്പടെ മുഴുവൻ എം.പിമാർക്കും കർശന വിപ്പ് പുറപ്പെടുവിച്ച് തൃണമൂൽ കോൺഗ്രസ്.
നവംബർ 30 മുതൽ ഡിസംബർ നാല് വരെ എല്ലാ ലോക്സഭാ എം.പിമാരും നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് നിർദേശിച്ചുള്ള മൂന്ന് വരി വിപ്പാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയത്.
മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി കേന്ദ്ര സർക്കാർ വരും ദിവസങ്ങളിൽ ലോക്സഭയും രാജ്യസഭയും ചേരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ഇന്ത്യാ സഖ്യം ചേർന്ന യോഗത്തിൽ ബില്ലിനെ പൂർണമായും എതിർക്കുമെന്ന് തീരുമാനമെടുത്തിരുന്നു.
പിന്നാലെ തൃണമൂൽ കോൺഗ്രസ് ലോക്സഭാ നേതാവ് അഭിഷേക് ബാനർജി ഒപ്പുവെച്ച നിർദേശം പുറത്തിറക്കി. വരുന്ന ആഴ്ചയിലുടനീളം നടക്കുന്ന എല്ലാ സമ്മേളനങ്ങളിലും അംഗങ്ങൾ പങ്കെടുക്കണമെന്നും ‘വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ’ എന്ന് രേഖപ്പെടുത്തിയ വിഷയങ്ങളിൽ എം.പിമാർ പാർട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നും നിർദേശത്തിൽ പറഞ്ഞു.
വിമതരായ 20 തൃണമൂൽ എം.പിമാർ എൻ.സി.പി.ഐ എന്ന പാർട്ടിയിൽ ലയിച്ചതായി കാണിച്ച് ആറുമാസം മുമ്പ് ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു.എന്നാൽ ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമായില്ല.
തീരുമാനം ആകാത്തതിനാൽ വിമതരായ 20 എം.പിമാരും ഇപ്പോഴും തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാണ്. അതിനാൽ സമ്മേളനത്തിൽ പാർട്ടി നിർദേശം ലംഘിച്ചാൽ കൂറുമാറ്റ നിയമപ്രകാരം നടപടിയെടുക്കുമെന്ന് പാർട്ടി അറിയിച്ചു.
ജൂലൈ മുതൽ സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട കല്യാൺ ബാനർജിയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെ സസ്‌പെൻഷൻ പിൻവലിച്ചില്ല
മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനെ എതിർക്കാൻ ശനിയാഴ്ച ചേർന്ന യോഗത്തിൽ ഇന്ത്യ മുന്നണി തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ എൻ.സി.പി ഉൾപ്പടെയുള്ള മറ്റ് ഇന്ത്യ സഖ്യകക്ഷികളും സമാനമായ വിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകൾ ഒരുപോലെ 50 ശതമാനം വർധിപ്പിക്കുക, സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതം 2051 വരെ മാറ്റമില്ലാതെ നിലനിർത്തുക, 2029ലെ തെരഞ്ഞെടുപ്പിന് മുമ്പായി 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുക എന്നിവയാണ് ബില്ലുകളിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പ് അറിയിച്ചു. ബി.ജെ.പി സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുകയാണെന്നും വോട്ടുകൊള്ള പുറത്തുവന്നതിലൂടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും കുറുക്കുവഴികളിലൂടെ അധികാരത്തിൽ തുടരാൻ ശ്രമം നടത്തുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം നിലവിലുള്ള 543ൽനിന്ന് 850 ആയി ഉയർത്തണമെന്നാണ് അവരുടെ ലക്ഷ്യമെന്നും ഇതിനായി വനിതാ സംവരണത്തെ അവർ ന്യായീകരണമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Constituency Delimitation Bill: Trinamool Congress issues a whip to all its MPs, including dissidents.