| Tuesday, 28th October 2025, 7:05 pm

ഭാര്യമാരെ നിരന്തരം നിരീക്ഷിക്കുന്നതും സംശയിക്കുന്നതും വിവാഹമോചനത്തിന് കാരണമാകാം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഭാര്യമാരെ നിരന്തരം നിരീക്ഷിക്കുന്നതും അടിസ്ഥാനരഹിതമായി സംശയിക്കുന്നതും വിവാഹമോചനത്തിന് കാരണമാകുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവണതകള്‍ ഗുരുതരമായ മാനസിക ക്രൂരതയാണെന്നും ഹൈക്കോടതി പറഞ്ഞു.

1869ലെ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 10(1)(x) പ്രകാരം 17.01.2013ന് രജിസ്റ്റര്‍ ചെയ്ത വിവാഹം റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

കോട്ടയം ഏറ്റുമാനൂർ കുടുംബകോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഭാര്യ സമര്‍പ്പിച്ച അപ്പീലാണ് ബെഞ്ച് പരിഗണിച്ചത്. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി കുടുംബകോടതിയെ സമീപിച്ചത്.

പ്രസവ സമയത്ത് ആശുപത്രിയിലെത്തിയ ഭര്‍ത്താവ് തന്റെ മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അധിക്ഷേപിച്ചെന്നും യുവതി പറയുന്നു. പ്രവാസിയായിരുന്ന ഭര്‍ത്താവിന് തന്നെ ആദ്യം മുതല്‍ക്കേ സംശയമായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.

മറ്റൊരു പുരുഷനുമായി സംസാരിച്ചാല്‍ ഉടന്‍ തന്നെ സംശയിക്കുകയും തന്റെ നീക്കങ്ങൾ പലവിധത്തില്‍ നിരീക്ഷിക്കുകയും ചെയ്യുമെന്നും യുവതി പറയുന്നു.

ഭര്‍ത്താവിന്റെ അഭാവത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ അനുവാദമില്ല, തന്നെ മുറിയില്‍ പൂട്ടിയിട്ട ശേഷം പുറത്തുപോകും തുടങ്ങിയ ആരോപണങ്ങളും യുവാവിനെതിരെ പരാതിക്കാരി ഉന്നയിച്ചു. ടി.വിയിലെ ഭക്തിപരമായ പരിപാടികള്‍ ഒഴികെ മറ്റൊന്നും കാണാന്‍ അനുവദിക്കാറില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ യുവതിയുടെ ആരോപണങ്ങളെല്ലാം യുവാവ് നിഷേധിക്കുകയാണ് ചെയ്തത്. ആശുപത്രിയിലെ സംഭവത്തില്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും യുവതിയുടെ മാതാപിതാക്കളാണ് തന്നോട് മോശമായി പെരുമാറിയതെന്നുമാണ് യുവാവിന്റെ വാദം.

ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാറില്ല, മുറിയില്‍ പൂട്ടിയിടുക തുടങ്ങിയ ആരോപണങ്ങളും യുവാവ് നിഷേധിച്ചു. അതേസമയം ഭര്‍ത്താവ് തന്നെ സംശയിക്കുന്നുവെന്ന് ആരോപണമുന്നയിക്കുന്ന ഒരു സ്ത്രീയ്ക്ക് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിയണമെന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

സംശയത്തിന്റെ പേരില്‍ താമസസ്ഥലം മാറിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹൈക്കോടതി യുവാവിനോട് വിശദീകരണം തേടുകയും ചെയ്തു.

തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ വാദങ്ങള്‍ കുടുംബകോടതി തള്ളിയിരുന്നു. ഏതൊരു കുടുംബജീവിതത്തിലും ഇത്തരത്തിലുള്ള തേയ്മാനങ്ങള്‍ ഉണ്ടാകാറുണ്ടെന്നായിരുന്നു യുവാവിന്റെ അഭിഭാഷകന്‍ കുടുംബകോടതിയില്‍ വാദിച്ചിരുന്നത്.

Content Highlight: Constantly monitoring and suspecting wives can lead to divorce: High Court

We use cookies to give you the best possible experience. Learn more