| Thursday, 29th October 2026, 11:29 am

സ്കൂൾ കായികമേള അട്ടിമറിക്കാൻ ഗൂഢാലോചന; അധ്യാപകനെതിരെ ശക്തമായ വകുപ്പുതല നടപടിയെന്ന് എൻ. ഷംസുദ്ദീൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം മേള അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.

മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് മേളയ്ക്കെത്തിയ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കാനും മേളയെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചവർ സാമൂഹ്യവിരുദ്ധരാണെന്നും മന്ത്രി പറഞ്ഞു.

തിളച്ച സാമ്പാറിലും വെന്ത പുട്ടിലും ജീവനുള്ള പുഴു വരില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, പഴയ സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിലർ ഇത്തരം നീചമായ കൃത്യങ്ങൾ നടത്തുന്നതെന്നും വിമർശിച്ചു.

പെരുമ്പാവൂരിലെ എയ്ഡഡ് സ്കൂൾ അധ്യാപകനായ ജിജോ ജെയിംസ് ആണ് ഭക്ഷണത്തിൽ മനപൂർവം പുഴുവിനെ ഇട്ടതെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാഷ്ട്രീയമോ വ്യക്തിപരമോ ആയ പ്രതികാരത്തിന്റെ പേരിൽ കുട്ടികളുടെ മേളയെ അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകനെതിരെ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സംഭവസ്ഥലത്ത് ഇയാൾ ബഹളം വെച്ച സമയം ചില ചാനലുകൾ മാത്രം കൃത്യമായി അവിടെ എത്തിയതിലും ദുരൂഹതയുണ്ട്. കൃത്രിമമായി വാർത്തകൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചന പൊലീസ് സമഗ്രമായി അന്വേഷിക്കും.

ജനാധിപത്യത്തിൽ ഭരണമാറ്റങ്ങൾ സ്വാഭാവികമാണ്. എന്നാൽ ഭരണമാറ്റത്തിന്റെ പേരിൽ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തിലും ഏതിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം മോശപ്പെട്ട മാനസികാവസ്ഥയ്ക്ക് രാഷ്ട്രീയ-വിദ്യാർത്ഥി- യുവജന സംഘടനകൾ മാറ്റം വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മേളയ്ക്കിടെ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മാധ്യമപ്രവർത്തകരെയോ മറ്റാരെയെങ്കിലുമോ മർദിക്കാനുള്ള അവകാശം ആർക്കുമില്ലെന്ന് മന്ത്രി പറഞ്ഞു.

എന്തെങ്കിലും സംഭവിച്ചാൽ ആളുകളെ വളഞ്ഞിട്ട് മർദിക്കുന്നത് തീർത്തും തെറ്റായ പ്രവണതയാണ്. സംഘാടകരായാലും മറ്റാരായാലും അത്തരം അക്രമങ്ങൾ ഒട്ടും പ്രോത്സാഹിപ്പിക്കാനാവില്ലെന്നും അവിടെയുണ്ടായ യഥാർത്ഥ സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയമയം ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ അധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസ് പ്രവർത്തകൻ ആണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Content Highlight:Conspiracy to sabotage school sports meet; strict departmental action against teacher, says N. Shamsuddeen.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more