അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്നും പടിയിറങ്ങിയതിന് പിന്നാലെ ഇതിഹാസ താരം ലയണല്‍ മെസിയോട് കരിയറില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത പ്രധാന ടൂര്‍ണമെന്റായ കോപ്പ ലിബര്‍ട്ടഡോറെസില്‍ മത്സരിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്ന് കോണ്‍മെബോള്‍ പ്രസിഡന്റ് അഹലാന്‍ഡ്രോ ഡോമിംഗെസ്.
കഴിഞ്ഞ ദിവസം എസ്റ്റാഡിയോ മോണുമെന്റലില്‍ നടന്ന മെസിയുടെ വിടവാങ്ങല്‍ മത്സരത്തിന് ഡോമിംഗെസുമെത്തിയിരുന്നു. തൊട്ടടുത്ത ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കോപ്പ ലിബര്‍ട്ടഡോറെസ് കളിക്കാന്‍ അദ്ദേഹം മെസിയോട് ആവശ്യപ്പെട്ടത്.
‘അദ്ദേഹത്തിന്റെ കരിയറില്‍ ഇനി കുറവുള്ള ഒരേയൊരു കാര്യം ലിബര്‍ട്ടഡോറെസ് കപ്പില്‍ കളിക്കുക എന്നത് മാത്രമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണോ?’പുഞ്ചിരിയോടെ അദ്ദേഹം മെസിയോട് ചോദിച്ചു.
തെക്കേ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് കോപ്പ ലിബര്‍ട്ടഡോറെസ്. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോള്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
1960ല്‍ ആരംഭിച്ച ലിബര്‍ട്ടഡോറസില്‍ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, കൊളംബിയ, ചിലി തുടങ്ങി തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ മികച്ച ക്ലബ്ബുകളാണ് മാറ്റുരയ്ക്കുന്നത്. യൂറോപ്പിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് സമാനമായി തെക്കേ അമേരിക്കയിലെ ക്ലബ് ഫുട്‌ബോളിന്റെ പരമോന്നത വേദിയായാണ് ഇതിനെ കണക്കാക്കുന്നത്.
കോപ്പ ലിബർട്ടെഡോറസ് കിരീടം
ലിബര്‍ട്ടഡോറെസ് എന്ന പേര് തെക്കേ അമേരിക്കയെ യൂറോപ്യന്‍ കോളനിവാഴ്ചയില്‍ നിന്ന് മോചിപ്പിക്കാന്‍ പോരാടിയ സ്വാതന്ത്ര്യസമര നേതാക്കള്‍ക്ക് നല്‍കിയിരുന്ന വിശേഷണത്തില്‍ നിന്നാണ് വന്നത്. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന് ഫുട്‌ബോളിനപ്പുറവും വലിയ ചരിത്ര-സാംസ്‌കാരിക പ്രാധാന്യമുണ്ട്. ടൂര്‍ണമെന്റിലെ കിരീടം നേടുന്നത് തെക്കേ അമേരിക്കന്‍ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ദേശീയ ജേഴ്സിയില്‍ തന്റെ അവസാന മത്സരത്തില്‍ ഗോള്‍ നേട്ടത്തോടെയാണ് മെസി പടിയിറങ്ങിയത്. ബെനിനെതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചപ്പോള്‍ ആ മൂന്ന് ഗോളിലും മെസിയുടെ കയ്യൊപ്പുണ്ടായിരുന്നു.
48ാം മിനിട്ടില്‍ നിക്കോളാസ് ഒട്ടമെന്‍ഡിയും 61ാം മിനിട്ടില്‍ നിക്കോ പാസും ഗോളടിച്ചപ്പോള്‍ രണ്ടിനും വഴിയൊരുക്കിയത് മെസിയായിരുന്നു. 71ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ചാണ് മെസി ഗോള്‍ നേടിയത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച ഈ ഇതിഹാസ താരം, 208 മത്സരങ്ങളില്‍ നിന്ന് 126 ഗോളുകളും 70 അസിസ്റ്റുകളും സ്വന്തമാക്കിയാണ് അര്‍ജന്റീനയ്ക്കായുള്ള തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്.
ഇനി ഇന്റര്‍ മിയാമിക്കായുള്ള ക്ലബ്ബ് ഫുട്‌ബോളില്‍ മാത്രമായിരിക്കും മെസ്സി ശ്രദ്ധ കേന്ദ്രീകരിക്കുക.
Content Highlight: CONMEBOL President asks Messi to play in the Copa Libertadores.