| Wednesday, 10th December 2025, 10:29 am

സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും കോണ്‍ഗ്രസുകാര്‍ സ്വീകരിക്കരുത്; തരൂർ അത് ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു: കെ. മുരളീധരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാർ സംഘടന എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം സ്വീകരിക്കാനുള്ള കോൺഗ്രസ് എം.പി ശശി തരൂരിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.

സവർക്കാരുടെ പേരിലുള്ള അവാർഡ് പാർട്ടി സ്വീകരിക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും കെ. മുരളീധരൻ പറഞ്ഞു.

സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത ആളാണെന്നും അങ്ങനെയുള്ള വ്യക്തിയുടെ പേരിൽ ഒരു കോൺഗ്രസുകാരനും അവാർഡ് വാങ്ങാൻ പാടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .

പാർട്ടിക്ക് അത് അപമാനമുണ്ടാക്കുമെന്നും ശശി തരൂർ അങ്ങനെ ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സവര്‍ക്കറിന്റെ പേരിലുള്ള ഒരു അവാര്‍ഡും പാര്‍ട്ടി സ്വീകരിക്കാന്‍ പാടില്ല. കാരണം സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുത്ത് പോയ ആളാണ്. അങ്ങനെയുള്ള ഒരു വ്യക്തിയുടെ പേരില്‍ ഒരു കോണ്‍ഗ്രസുകാരനും അവാര്‍ഡ് വാങ്ങാന്‍ പാടില്ല. അത് പാര്‍ട്ടിക്ക് അപമാനം ഉണ്ടാക്കും. ശശി തരൂര്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല,’ കെ. മുരളീധരൻ പറഞ്ഞു.

ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ യു.ഡി.എഫിന് തന്നെയാണ് അദ്ദേഹം വോട്ട് ചെയ്തതെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് പുറത്തുപോകാന്‍ ശശി തരൂർ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ക്കറുടെ പേരില്‍ ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

പുരസ്കാരം ഏറ്റുവാങ്ങാൻ ശശി തരൂർ സന്നദ്ധത അറിയിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ തരൂർ സമീപകാലത്ത് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച പ്രസ്താവനകൾ കൂടി കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.

Content Highlight: Congressmen should not accept any award in Savarkar’s name; Hope Tharoor will not do it: K. Muraleedharan

We use cookies to give you the best possible experience. Learn more