| Wednesday, 3rd October 2018, 7:46 am

കേന്ദ്രഭരണത്തിന്റെ നയങ്ങളെ തിരുത്തേണ്ട സമയമാണിത്; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാര്‍ധ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഗാന്ധിജി ശ്രമിച്ചപ്പോള്‍ ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നതെന്ന് രൂഹുല്‍ പറഞ്ഞു. റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു “കണ്ണില്‍ നോക്കി” മറുപടി പറയാന്‍ മോദിക്കു ഭയമാണ്. മഹാരാഷ്ട്ര വാര്‍ധയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭിന്നിപ്പിക്കുകയും, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന മോദി ഭരണത്തിന്റെ നയങ്ങളെ തിരുത്തേണ്ട സമയമായെന്ന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം വിലയിരുത്തി. കര്‍ഷകരെയും യുവാക്കളെയും മോദി വഞ്ചിച്ചുവെന്നും, രാജ്യത്തിന്റെ സമ്പത്ത് അംബാനിയുള്‍പ്പെടേയുള്ള ധനികര്‍ക്ക് സൗജന്യമായി നല്‍കുകയാണെന്നും യോഗത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല (ചൗക്കിധാര്‍), മുതലാളിമാരുടെ പങ്കാളിയാണ് (ഭാഗിധാര്‍). റഫാലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു “കണ്ണില്‍ നോക്കി” മറുപടി പറയാന്‍ മോദിക്കു ഭയമാണ്. അദ്ദേഹം നുണ പറയുകയാണ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷകര്‍ ഡല്‍ഹിയിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തെ പൊലീസ് തല്ലിച്ചതച്ചതിലും രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

“നിങ്ങള്‍ മോദിയെ പ്രധാനമന്ത്രിയാക്കി. നിങ്ങളുടെ വിശ്വാസങ്ങളെ അദ്ദേഹം തകര്‍ത്തിരിക്കുന്നു. ഇനി കോണ്‍ഗ്രസിനെയും മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളെയും വിശ്വസിക്കൂ. ജനങ്ങളെ ഒന്നിപ്പിക്കാനാണു ഗാന്ധിജി ശ്രമിച്ചത്. ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണു മോദി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിനെ (എച്ച്എഎല്‍) മറികടന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാര്‍ നല്‍കിയത് എന്തിനെന്ന് മോദി രാജ്യത്തോടു വിശദീകരിക്കണം” രാഹുല്‍ പറഞ്ഞു.

ഗാന്ധി ജനിച്ച ലോക അഹിംസാ ദിനത്തില്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ കര്‍ഷകരെ മോദി സര്‍ക്കാര്‍ നേരിട്ടത് ലാത്തി കൊണ്ടും ടിയര്‍ ഗ്യാസ് കൊണ്ടുമാണ്, കര്‍ഷകരെയും യുവാക്കളെയും വഞ്ചിച്ച സര്‍ക്കാരാണ് മോദിയുടേത്. അംബാനിയുള്‍പ്പെടേയുള്ള സമ്പന്നര്‍ക്ക് മാത്രമാണ് മോദി ഭരണം കൊണ്ട് നേട്ടമെന്നും റഫേല്‍ അഴിമതിയാരോപണം ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more