| Monday, 29th September 2025, 11:01 am

കോഴിക്കോട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചനിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂര്‍ നിടുമ്പൊയില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചനിലയില്‍. മേപ്പയ്യൂര്‍ സ്വദേശി രാജനെയാണ് ഓഫീസ് കെട്ടിടത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

കെട്ടിടത്തിന്റെ ഗ്രില്ലില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ചായ കുടിക്കാനായി പോവുകയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.

പ്രദേശത്ത് പത്രവിതരണം ചെയ്യുന്നത് രാജനായിരുന്നു. പുലര്‍ച്ചെ ജോലിക്കായി ഇറങ്ങിയപ്പോഴായിരിക്കാം ജീവനൊടുക്കിയതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.

മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, രാജന്റെ മരണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മകന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രാജനെ അലട്ടിയിരുന്നെന്നും ഇതായിരിക്കാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നും അയല്‍വാസികളും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Congress worker found dead at Indira Bhavan Nedumpoil Meppayyur Kozhikode

We use cookies to give you the best possible experience. Learn more