| Tuesday, 28th May 2019, 8:31 pm

ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ട്, രാഹുല്‍ഗാന്ധിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഷീലാ ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് ഷീലാ ദീക്ഷിത്. രാഹുലിന് പകരം ആളെ കണ്ടെത്തില്ലെന്നും രാജിവെക്കണമെന്ന ആവശ്യം തങ്ങള്‍ അംഗീകരിക്കില്ലെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ടെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. ആരും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം രാഹുല്‍ രാജിയില്‍ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും പകരക്കാരനെ കണ്ടെത്തുന്നത് വരെ മൂന്നോ നാലോ മാസത്തേക്ക് അദ്ദേഹം പദവിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, രാജിവക്കാനുള്ള തീരുമാനത്തില്‍നിന്നും രാഹുല്‍ ഗാന്ധി മാറ്റമറിയിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.

സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more