| Thursday, 1st January 2026, 9:48 pm

കോൺഗ്രസ് മതനിരപേക്ഷത പറയും, നാല് വോട്ടിന് വേണ്ടി ഏത് വർഗീയതയുമായും കൂടിച്ചേരും: മുഖ്യമന്ത്രി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: കോൺഗ്രസ് മതനിരപേക്ഷത പറയുമെങ്കിലും നാല് വോട്ടിന് വേണ്ടി ഏത് വർഗീയതയുമായും കൂടിച്ചേരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടാണ് അവർക്കെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിന്റെ അന്തരീക്ഷം ഗൗരവമായിട്ട് നമ്മൾ ഉൾക്കൊള്ളണമെന്നും കേരളീയ സമൂഹത്തിന്റെ ഒരു പ്രത്യേകത എല്ലാ കാലത്തും വർഗീയതയെ പൂർണമായി അകറ്റി നിർത്തിയിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കോൺഗ്രസ് മതനിരപേക്ഷത ഒക്കെ പറയുമെങ്കിലും നാല് വോട്ടിനു വേണ്ടി ഏത് വർഗീയതയുമായി കൂടിച്ചേരുന്നതിന് മടി കാണിച്ചിരുന്നില്ല. തൽക്കാലം വോട്ട് പോരട്ടെ എന്ന നിലപാടാണ് അവർ സ്വീകരിച്ചിരുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.

ശശി തരൂരടക്കമുള്ള ചില കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിനെ ന്യായീകരിക്കുന്നത് ഒരു കുസൃതിയാണെന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശിവഗിരി തീർത്ഥാടന പരിപാടിക്കിടെ ബുൾഡോസർ രാജിനെതിരെയുള്ള തന്റെ പ്രതികരണത്തിൽ കർണാടക മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലായാലും മറ്റ് സംസ്ഥാനങ്ങളിലായാലും ന്യൂനപക്ഷങ്ങൾക്കും നിസ്സഹായർക്കും നേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിർത്തികൾ നോക്കിയല്ല പ്രതികരിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിലെ വിഷയങ്ങളിൽ പോലും നാം പ്രതികരിക്കാറുണ്ടെന്നും നിസ്സഹായരായ ഒരു കൂട്ടം ആളുകളെ ബുൾഡോസർ ഉപയോഗിച്ച് തെരുവിലിറക്കിയ നടപടിക്കെതിരെയാണ് താൻ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlight: Congress will talk about secularism, but will mix with any communalism for four votes: Chief Minister

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more