കോഴിക്കോട്: അയ്യപ്പന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നടക്കാത്ത ഭജന്‍സിന്റെ പേരിലാണ് എട്ട് ലക്ഷം രൂപ എഴുതി കൊടുത്തതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പ സംഗമത്തില്‍ 4,000 പേര്‍ക്ക് എപ്പോഴാണ് ഭക്ഷണം കൊടുത്തതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. കൊട്ടിഘോഷിച്ച് നടത്തിയ പരിപാടിയില്‍ ഏകദേശം 600 പേരാണ് പങ്കെടുത്തത്. പന്തല്‍ മുതല്‍ അങ്ങോട്ട് മുഴുവന്‍ അഴിമതിയാണെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു.
‘കൊല്ലം കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന സമയത്ത് സി.പി.ഐ.എം ഒരു ഫെസ്റ്റിവല്‍ നടത്തി. അതുസംബന്ധിച്ച കണക്കുകളില്‍ കുതിരയെ കൊണ്ടുവന്നതിന്റെ ഒരു കണക്ക് ഉണ്ടായിരുന്നു. അങ്ങനെ, കുതിരയെ കൊണ്ടുവന്ന വണ്ടി നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് ഒരു മാരുതി കാറിന്റേതായിരുന്നു. മാരുതി കാറില്‍ കുതിരയെ കൊണ്ടുവരാന്‍ കഴിയില്ലല്ലോ? കള്ളക്കണക്കാണ് എഴുതിവെച്ചിരുന്നത്. ഇതിന് സമാനമായ തട്ടിപ്പാണ് അയ്യപ്പ സംഗമത്തില്‍ നടന്നിരിക്കുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
കോടതി നിരീക്ഷണത്തില്‍ ഇത്രവലിയ തട്ടിപ്പാണ് നടന്നതെങ്കില്‍ ശബരിമലയില്‍ നിന്ന് എന്തെല്ലാം അടിച്ചുമാറ്റിയിട്ടുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയില്‍ അഴിമതി നടത്താന്‍ മടിയില്ലാത്തവരാണ് കൂടെയുള്ളത്. വിഷയം ഹൈക്കോടതി അന്വേഷിക്കണമെന്നും കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പോകുന്ന പോക്കില്‍ എല്ലാം എടുത്തിട്ടുപോകുക എന്നതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
ദേവസ്വം മന്ത്രി വി.എന്‍. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഴുവന്‍ പണവും തിരിച്ചടച്ചെന്നാണ് മന്ത്രി പറഞ്ഞിരുന്നതെന്നും എന്നാല്‍ കണക്കുകള്‍ അങ്ങനെയല്ല വ്യക്തമാക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
വി.എന്‍. വാസവനെതിരെ കോണ്‍ഗ്രസ് ഉടന്‍ തന്നെ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കുമെന്നാണ് വിവരം.
വരവുചെലവ് കണക്കുകളിലെ അവ്യക്തതകളില്‍ ആര് വ്യക്തത നല്‍കുമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യം. നേരെത്തെ ഇതേ ചോദ്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു.
Content Highlight: Congress will issue a Privilage Motion to the Speaker against V.N. Vasavan