| Sunday, 31st March 2019, 4:09 pm

ഇനി നടക്കാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇന്ത്യ ഒരാളുടേതോ ഒരു പാര്‍ട്ടിയുടേതോ മാത്രമല്ലെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഈ രാജ്യം ഒരു വ്യക്തിയുടേയോ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയോ മാത്രം സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെ വിഭജിക്കാനാണ് മോദി ശ്രമിച്ചതെന്നും എന്നാല്‍ ഒറ്റ ഇന്ത്യയെന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളതെന്നും രാഹുല്‍ പറഞ്ഞു.

ഐക്യവും അഖണ്ഡതയുമുള്ള ഒറ്റ ഇന്ത്യ, മതസൗഹാര്‍ദമുള്ള ഇന്ത്യ ഇതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയെ വിഭജിക്കാനായിരുന്നു മോദിയുടെ ശ്രമം. അതില്‍ ഒന്ന് ധനികര്‍ക്കുള്ളതായിരുന്നു. അനില്‍ അംബാനിയേയും മെഹുല്‍ ചോക്‌സിയേയും പോലുള്ളവര്‍ക്ക്. അടുത്ത ഇന്ത്യ കര്‍ഷകരുടേയും തൊഴില്‍ രഹിതരുടേതുമായിരുന്നു.

അതുകൊണ്ട് തന്നെ 2019 ല്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അത് ദാരിദ്ര്യത്തിന് എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്. നരേന്ദ്രമോദി പാവപ്പെട്ടവര്‍ക്ക് നേരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമ്പോള്‍ ഞങ്ങളുടെ യുദ്ധം ദാരിദ്ര്യത്തിന് എതിരെയായിരിക്കും. ന്യായ് പദ്ധതി ഞങ്ങള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. – രാഹുല്‍ പറഞ്ഞു.


20 ല്‍ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ; രാഹുലിന്റേത് ഇടതുപക്ഷത്തിന് എതിരായ മത്സരമെന്നും പിണറായി


കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതോടെ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആന്ധ്ര പ്രദേശില്‍ നടന്ന തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്ധ്രപ്രദേശുമായി പ്രത്യേക അടുപ്പമുള്ള കുടുംബമാണ് എന്റേത്. അത് രാഷ്ട്രീയബന്ധം മാത്രമല്ല. അത് ഒരു ഹൃദയബന്ധമാണ്. നിങ്ങള്‍ എന്താണോ ഈ സംസ്ഥാനത്ത് നിന്നും ആഗ്രഹിക്കുന്നത് തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് ലഭിക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.

ശക്തമായ ഒരു സംസ്ഥാനത്തെ നിര്‍മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഓരോ ജനങ്ങളുടേയും ഭാവി സുരക്ഷിതമായിരിക്കണം. അതിനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുക. കര്‍ഷകര്‍ക്ക് സംരക്ഷണം ഒരുക്കാനും സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഒപ്പം കോണ്‍ഗ്രസ് ഉണ്ടാകും. അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച മിനിമം വരുമാന പദ്ധതി പൂര്‍ണമായും നടപ്പിലാക്കുമെന്നും കള്ളം പറയാന്‍ താന്‍ മോദിയല്ലെന്നും രാഹുല്‍ വ്യക്താക്കി.

പാവപ്പെട്ടവര്‍ക്ക് ഒരു വര്‍ഷം 72000 രൂപ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 15 ലക്ഷം ഓരോരുത്തരുടേയും അക്കൗണ്ടില്‍ ഇടുമെന്ന് മോദി പറഞ്ഞതുപോലെയല്ല അത്. ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം ഇടാന്‍ ഇന്ത്യാ സര്‍ക്കാരിന് ഒരിക്കലും സാധിക്കില്ല. പക്ഷേ പാവപ്പെട്ടവര്‍ക്കായി വര്‍ഷം 72000 രൂപ അക്കൗണ്ടില്‍ ഇടുകയെന്നത് സാധ്യമാകുന്ന കാര്യമാണ്.

അധികാരത്തിലെത്തിയാല്‍ യുവാക്കള്‍ക്ക് പുതുസംരംഭങ്ങളും ബിസിനസുകളും ആരംഭിക്കാന്‍ ഉതകുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും രാഹുല്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more