| Monday, 29th December 2025, 8:12 pm

അരാവല്ലിയുടെ പുനർനിർവചനം സ്റ്റേ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു: കോൺഗ്രസ്

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: അരാവല്ലിയുടെ പുനർനിർവചനം സ്റ്റേ ചെയ്യാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്.

പുനർനിർവചനത്തെ അനുകൂലിക്കുന്ന കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിന്റെ എല്ലാ വാദങ്ങളും നിരസിക്കപ്പെട്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അരാവല്ലി ഖനനത്തിനും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കും തുറന്നുകൊടുക്കുന്നതിലൂടെ നശിപ്പിക്കപ്പെടുമെന്ന ശക്തമായ എതിർപ്പ് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി കൂടുതൽ വ്യക്തത വേണ്ടതുണ്ടെന്നും അരാവല്ലി കുന്നുകളിൽ സർവേയും പഠനവും നടത്താൻ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും അതുവരെ സ്റ്റേ പ്രാബല്യത്തിൽ ഉണ്ടാകുമെന്നും ഇന്ന് കോടതി വ്യക്തമാക്കിയിരുന്നു.

‘സുപ്രീം കോടതിയുടെ ഉത്തരവിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. വളരെ സെൻസിറ്റീവ് ആയ പാരിസ്ഥിതിക മേഖലയായ അരാവല്ലിയുടെ നിർവചനം മാറ്റാൻ മോദി സർക്കാർ ശ്രമിച്ചു. എല്ലാവരും എതിർക്കുന്ന നീക്കമാണിത്. സുപ്രീം കോടതി ഉത്തരവ് മരവിപ്പിക്കുകയും വസ്തുതകൾ സ്ഥാപിക്കുന്നതിനായി ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ രാജിവെക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,’ ജയറാം രമേശ് പറഞ്ഞു.

ഈ വിഷയം കൂടുതൽ വിശദമായി പഠിക്കേണ്ടതുണ്ടെന്നും ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സുപ്രീം കോടതിയുടെ സെൻട്രൽ എംപവേർഡ് കമ്മിറ്റി, അമിക്കസ് ക്യൂറി എന്നിവർ പുനർനിർവചനത്തെ എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു താത്കാലിക ഇടവേളയാണെന്നും ഖനനം, റിയൽ എസ്റ്റേറ്റ്, മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി അരാവല്ലിയെ തുറന്നുകൊടുക്കാനുള്ള മോദി സർക്കാരിന്റെ തന്ത്രങ്ങളെ സ്ഥിരമായി ചെറുക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു

പുനർനിർവചനത്തിന് അനുകൂലമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഉന്നയിച്ച എല്ലാ വാദങ്ങളും സുപ്രീം കോടതിയുടെ ഉത്തരവ് തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Congress welcomes Supreme Court order to stay redefinition of Aravalli

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more