| Thursday, 17th May 2018, 5:07 pm

രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; ഗോവയിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിക്കെതിരെ പുതിയ നീക്കവുമായി ഗോവയിലെ കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍ അനുവാദം തേടി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് ഗോവയില്‍ ബി.ജെ.പി അധികാരത്തിലേറിയത്.

ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാത്രം നേടിയ ബി.ജെ.പി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കമ്പോഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീകറിനെ രാജിവെപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പി പൂര്‍ത്തിയാക്കിയിരുന്നു. 2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസായിരുന്നു.


goa: ഒരു കോണ്‍ഗ്രസ് എം.എല്‍.എയെ കൂടി ബി.ജെ.പി കടത്തി; കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുന്നു


നിലവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ അസുഖബാധിതനായി ചികിത്സയിലായതിനാല്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേരത്തെ പരാതിപ്പെട്ടിരുന്നു. ഗോവക്ക് മുഖ്യമന്ത്രിയെ തരൂവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം യെദ്യൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെങ്കിലും കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്ത് നാളെ രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുയാണ്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കൈവശമുള്ള എം.എല്‍.എമാരെ നഷ്ടപ്പെടുത്താതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ.ഡി.എസും.

വിധാന്‍സൗധയിലെ പ്രതിഷേധത്തിന് ശേഷം കോണ്‍ഗ്രസ് എം.എല്‍.എമാരെ തിരികെ റിസോര്‍ട്ടകളിലേക്ക് മാറ്റിയിട്ടുണ്ട്. എം.എല്‍.എമാരെ “സുരക്ഷിതരായി” റിസോര്‍ട്ടുകളിലെത്തിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആശ്രയിച്ചത് ഒരു പ്രത്യേകസ്ഥാപനത്തിന്റെ ബസുകളാണ്. ശര്‍മ ട്രാവല്‍സ് എന്നാണ് സ്ഥാപനത്തിന്റെ പേര്. ഇതിന് മുമ്പും റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാടകത്തില്‍ അരങ്ങേറിയപ്പോഴും ഈ ബസിലായിരുന്നു അങ്ങോട്ടുമിങ്ങോട്ടുമുള്ള എം.എല്‍.എമാരുടെ യാത്ര.

We use cookies to give you the best possible experience. Learn more