| Saturday, 20th September 2025, 6:52 am

രാഹുലിനെതിരായ തീരുമാനം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സ്വീകരിച്ചത്: കെ.പി.സി.സി അംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കൾക്കുണ്ടായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാറ്റിനിര്‍ത്തിയതെന്ന് കെ.പി.സി.സി അംഗം അഡ്വ. ജെ.എസ്. അഖില്‍.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി മേത്തര്‍ നയിക്കുന്ന ‘സാഹസ് യാത്ര’യെ സ്വീകരിച്ചുകൊണ്ട് കഴക്കൂട്ടത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

പ്രതിപക്ഷ നേതാവ്, കെ.പി.സി.സി പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡന്റുമാര്‍, യു.ഡി.എഫ് കണ്‍വീനര്‍, എ.ഐ.സി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്മാര്‍ ഉള്‍പ്പെടെ സംയുക്തമായാണ് രാഹുലിനെതിരായ തീരുമാനം നടപ്പിലാക്കിയതെന്നും ജെ.എസ്. അഖില്‍ പറഞ്ഞു.

2026ല്‍ മെയ്യില്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി അധികാരം ഏല്‍ക്കണം എന്നതായിരിക്കണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതൃത്വമെടുത്ത തീരുമാനത്തെ അംഗീകരിക്കാനും അനുസരിക്കാനും അച്ചടക്കമുള്ള ഓരോ പ്രവര്‍ത്തകനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഒരു തീരുമാനമെടുത്തിട്ടുണ്ട്. അത് പാര്‍ട്ടി ഒറ്റക്കെട്ടായി സ്വീകരിച്ച തീരുമാനമാണെന്ന് മനസിലാക്കണം. മുറിവില്‍ ആവര്‍ത്തിച്ച് കുത്തി വ്രണമാക്കാനല്ല ശ്രമിക്കേണ്ടതെന്നും മുറിവുണങ്ങാനുള്ള സമയം നല്‍കണമെന്നും ജെ.എസ്. അഖില്‍ പറഞ്ഞു.

വി.ഡി. സതീശന്‍ എന്ന പോരാളിയോട് സി.പി.ഐ.എമ്മിന് പകയുണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ.എം ബോധപൂര്‍വം നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിഞ്ഞോ അറിയാതെയോ ഭാഗമാകുന്നുവെന്നും ജെ.എസ്. അഖില്‍ പറഞ്ഞു.

ഇതിനെല്ലാം പുറമെ പിണറായി വിജയന് കീഴിലുള്ള ഭരണത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും കെ.പി.സി.സി അംഗം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 11,036 കേസുകളാണ്. 2025 ജൂലൈ വരെ 2,811 പോക്‌സോ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജെ.എസ്. അഖില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതെല്ലാം ഒരു ഒറ്റപ്പെട്ട സംഭവമാക്കി മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ജെ.എസ്. അഖില്‍ ആരോപിച്ചു.

‘സഭയില്‍ ഇരിക്കുന്ന ഒരു സി.പി.ഐ.എം എം.എല്‍.എയ്ക്ക് എതിരെ പീഡന പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല, കേസ് അന്വേഷിച്ച് കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആ വ്യക്തിക്കെതിരെ ചെറുവിരലനക്കാന്‍ സി.പി.ഐ.എമ്മോ എല്‍.ഡി.ഫോ തയ്യാറായിട്ടില്ലെന്നും അഖില്‍ പറഞ്ഞു.

Content Highlight: Congress unanimously took the decision against Rahul Mamkootathil based on conviction: JS Akhil

We use cookies to give you the best possible experience. Learn more