കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീണ്ടും കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. കോണ്‍ഗ്രസിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് നിലവില്‍ പ്രതിസന്ധി നേരിടുന്നത്. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണ വാര്‍ഡായ പോത്തന്‍കോട് ഡിവിനില്‍ നിന്നും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച അമേയ പ്രസാദിന് മത്സരിക്കാന്‍ സാധിക്കില്ല എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
സ്ത്രീ സംവരണ വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാന്‍ സാധിക്കില്ല എന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇതിനെതിരെ അമേയ പ്രസാദ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വ്യാഴാഴ്ച തന്നെ കോടതി കേസ് പരിഗണിക്കും.
തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സാങ്കേതികമായ ചില പ്രശ്നങ്ങളുണ്ടെന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ തന്നെ അമേയ പ്രസാദ് പ്രതികരിച്ചിരുന്നു.
വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നാണ് ഉള്ളതെന്നും വനിതാ സംവരണ വാര്‍ഡില്‍ ട്രാന്‍സ് വുമണ്‍ എന്ന നിലയിലാണ് മത്സരിക്കുന്നതെന്നും അമേയ പറഞ്ഞു. താന്‍ സ്ത്രീ ആണെന്നും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അമേയ കൂട്ടിച്ചേര്‍ത്തു.
മറ്റു കാര്യങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അമേയ പ്രസാദ് പറഞ്ഞു. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് അമേയ പ്രസാദ്.
കഴിഞ്ഞ ദിവസം കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ വി.എം. വിനുവിന് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു.
വോട്ടര്‍ പട്ടികയില്‍ വീണ്ടും പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എം. വിനു നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എം. വിനുവിന് മത്സരിക്കാനാകില്ലെന്ന് ഉറപ്പായി.
ഹരജി തള്ളുന്നതിനൊപ്പം വിനുവിനെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.
സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണന നല്‍കാനാകില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേയുള്ളൂ.
സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് പുറപ്പെടുവിക്കാനാകില്ല. സ്വന്തം കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
ഇതിന് പിന്നാലെ വി.എം. വിനുവിന് വോട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച കൗണ്‍സിലറുടെ രാജി കോണ്‍ഗ്രസ് നിര്‍ബന്ധിതമായി എഴുതി വാങ്ങിയിരുന്നു. മലാപ്പറമ്പ് കൗണ്‍സിലര്‍ കെ.പി. രാജേഷിന്റെ രാജിയാണ് പാര്‍ട്ടി എഴുതി വാങ്ങിച്ചിരിക്കുന്നത്.
വി.എം. വിനുവിന്റെ വീടുള്‍പ്പെടുന്ന മലാപറമ്പ് പ്രദേശത്തെ കൗണ്‍സിലറാണ് രാജേഷ്. ശാസിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി രാജിക്കത്ത് എഴുതി വാങ്ങിച്ചിരിക്കുന്നത്.
Content Highlight: Congress’ transgender candidate moves court after being told she cannot contest in women’s reserved ward