ന്യൂദല്‍ഹി: വനിതാ സംവരണ നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യവുമായി പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. 543 ലോക്‌സഭാ സീറ്റുകളില്‍ സ്ത്രീകള്‍ക്കായി 33 ശതമാനം സംവരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കത്തുകളയയ്ക്കുന്ന പോസ്റ്റ്കാര്‍ഡ് ക്യാമ്പയ്ന്‍ സംഘടിപ്പിക്കും.
ഈ ക്യാമ്പയിന്റെ ഭാഗമായി മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം പത്ത് ലക്ഷം സ്ത്രീകള്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ്കാര്‍ഡുകള്‍ അയയ്ക്കും. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഈ ക്വാട്ട നടപ്പിലാക്കുന്നതിനായി പ്രത്യേക പ്രമേയം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
സംവരണത്തിനുള്ളില്‍ എസ്.സി, എസ്.ടി), ഒ.ബി.സി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കായി പ്രത്യേക ക്വാട്ട ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
വനിതാ സംവരണത്തിന്റെ കാര്യത്തില്‍ ബി.ജെ.പി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ അല്‍ക്ക ലാംബ ആരോപിച്ചു.
2014 നും 2022 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 31 ശതമാനം വര്‍ധനവുണ്ടായതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകള്‍ ഉദ്ധരിച്ച് എസ്.സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും നിര്‍ഭയ ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ 40 ശതമാനം സീറ്റുകളും സ്ത്രീകള്‍ക്ക് നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചതായി അല്‍ക്ക ലാംബ ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശില്‍ ഭരണഘടനയ്ക്ക് പകരം ‘മനുവാദി’ വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അനില്‍ ജയ്ഹിന്ദ് ആരോപിച്ചു.
ഗാസിപൂരില്‍ വിശ്വകര്‍മ വിഭാഗത്തില്‍പ്പെട്ട യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സി.ബി.ഐ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 30 ദിവസത്തിനകം ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കുറ്റവാളികള്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അതിപിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം നിര്‍മ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി വനിതാ സംവരണം മനപ്പൂര്‍വം വൈകിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. മണ്ഡല പുനര്‍നിര്‍ണയവുമായി സംവരണത്തെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണെന്നും സംവരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരത്തെ എഴുതിയ കത്തുകള്‍ ഇതിന് തെളിവാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2018 ജൂലൈ 16ന് സ്ത്രീ സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും, മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിച്ച് സംവരണം നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ താത്പര്യപ്പെടുന്ന പ്രധാനമന്ത്രി, ഈ ആവശ്യത്തില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല,’ ജയറാം രമേശ് പറഞ്ഞു.
2018ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തും അദ്ദേഹം പങ്കുവെച്ചു. അന്നത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നത് ഉറപ്പാക്കാന്‍ പിന്തുണ നല്‍കണമെന്ന് കത്തിലൂടെ രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു.
കൂടാതെ വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 2017ല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തും ജയറാം രമേശ് പങ്കുവെച്ചിരുന്നു.
Content Highlight: Congress to intensify protest against Women’s Reservation Bill; Million women will write to Prime Minister