| Wednesday, 3rd December 2025, 9:45 am

പുകഞ്ഞകൊള്ളി പുറത്ത്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി: കെ. മുരളീധരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക ആരോപണ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ്.

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ രാഹുൽ യോഗ്യനല്ലെന്നും കെ.മുരളീധരൻ പറഞ്ഞു. രാഹുലിന്റെ കാര്യത്തിൽ ഉടൻ തന്നെ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള മാർഗമായാണ് സസ്‌പെൻഷനെ പാർട്ടി കാണുന്നതെന്നും എന്നാൽ ഈ കാര്യത്തിൽ അത് സാധ്യമല്ലെന്നും മുരളീധരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചെന്നിത്തലയടക്കമുള്ള നേതാക്കൾ രാഹുലിനെതിരെയുള്ള നിലപാട് കടുപ്പിച്ച സാഹചര്യമാണ്.

സസ്പെൻഡ് ചെയ്ത സമയത്ത് സർക്കാരിന്റെയോ കോൺഗ്രസ് പാർട്ടിയുടെയോ മുന്നിൽ ഉണ്ടായിരുന്നില്ലെന്നും സർക്കാരിനും പാർട്ടിക്കും പരാതി ലഭിച്ച സാഹചര്യത്തിൽ അതിനനുസൃതമായ നടപടിയെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.

പൊക്കിൾ കോടി ബന്ധം വിച്ഛേദിച്ചു കഴിഞ്ഞാൽ തങ്ങൾക്ക് അതിന്മേൽ ഒരു ഉത്തരവാദിത്തവുമുണ്ടായിരിക്കില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിനിധിയായി ഒരാളെ തെരഞ്ഞെടുക്കുന്നതെന്നും അല്ലാതെ മതിൽ ചാടാനല്ലെന്നും
പാർട്ടി ഏൽപ്പിച്ച കാര്യങ്ങൾ നിർവഹിക്കാത്ത ആൾ പാർട്ടിക്ക് പുറത്താണെന്നും മുരളീധരൻ വ്യക്തമാക്കി.

പാർലമെന്റിലെ പ്രതിനിധിയായി പ്രവർത്തിക്കുന്നവർക്കും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കും ഇതുപോലെയുള്ള പ്രവൃത്തികൾ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് ഒദ്യോഗിക ജോലികൾ ഉള്ള ആളുകൾ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്തുവെങ്കിൽ പൊതുരംഗത്ത് മാത്രമല്ല ഒരു രംഗത്തും നിൽക്കാൻ രാഹുൽ യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് കെ.പി.സി.സിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നത്.

‘രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കാന്‍
കുറേ അധ്വാനിച്ചിട്ടുള്ള ആളാണ് താൻ. ആ പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ അയാളും പാര്‍ട്ടിയും തീരുമാനിച്ചു. അയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു,’ ഷാഫി പറമ്പില്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു.

എന്റെ അടുപ്പമോ അടുപ്പക്കുറവോ പാര്‍ട്ടിയുടെ ഇത്തരത്തിലുള്ള
ഏതെങ്കിലും തീരുമാനത്തെ സ്വാധീനിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് കടുത്ത നടപടിയിലേക്ക് പോകുമെന്ന്
തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ എം.എല്‍.എ സ്ഥാനം
രാജിവെക്കണമെന്നും എം.എൽ.എ കെ.കെ രമ പറഞ്ഞു.

അതേസമയം ബലാത്സംഗകേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് പുറത്ത് രാഹുലിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Content Highlight: Congress to expel Rahul Mangkootatil, accused in sexual assault case.

We use cookies to give you the best possible experience. Learn more