| Sunday, 21st December 2025, 2:03 pm

രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; മുംബൈ ബി.എം.സി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

രാഗേന്ദു. പി.ആര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങള്‍ ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുമെന്നും മുംബൈയിലെ മതേതര-ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് വക്താവായ സച്ചിന്‍ സാവന്തും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു.

‘ബി.എം.സി തെരഞ്ഞെടുപ്പിന് ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം,’ രമേശ് ചെന്നിത്തല വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു. പ്രാദേശിക നേതാക്കളുടെ താത്പര്യപ്രകാരമാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ പ്രകടന പത്രിക തയ്യാറാക്കുന്ന തിരക്കിലാണെന്നും അദ്ദേഹം അറിയിച്ചു.

ബി.എം.സി തെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും (യു.ബി.ടി) രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ സേനയും സഖ്യമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനം.

മുംബൈയ്ക്ക് പുറമെ താനെ, നാസിക്, കല്യാണ്‍ ഡോംബിവാലി, സംഭാജിനഗര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലും യു.ബി.ടിയും എം.എന്‍.എസും സഖ്യമായി മത്സരിക്കുമെന്നാണ് വിവരം.

അതേസമയം കോണ്‍ഗ്രസും യു.ബി.ടിയും മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയുടെ ഭാഗമാണ്. എന്‍.സി.പി ശരദ് പവാർ പക്ഷമാണ് പ്രതിപക്ഷ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടി. നിലവില്‍ സഖ്യത്തെ മുഖവിലയ്ക്ക് എടുക്കാതെയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നത്.

2026 ജനുവരി 15ന് ഒറ്റഘട്ടമായാണ് മുംബൈ ബി.എം.സിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ജനുവരി 16ന് വോട്ടെണ്ണും. 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 32 ജില്ലാ പരിഷത്തുകള്‍, 336 പഞ്ചായത്ത് സമിതികള്‍ എന്നിവയിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മഹാവികാസ് അഘാഡി, നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു.

288 സീറ്റില്‍ 235ഉം നേടി ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം ഭരണം നിലനിര്‍ത്തുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 30ഉം നേടിയാണ് ഇന്ത്യാ മുന്നണി മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

2005ല്‍ നിന്ന് അവിഭക്ത ശിവസേനയില്‍ നിന്ന് രാജ് താക്കറെ പുറത്തുപോയിരുന്നു. ഇതിനുശേഷമാണ് മഹാരാഷ്ട്ര നവനിര്‍മാണ സേന രൂപീകരിച്ചത്. മറാത്തി സ്വത്വം സംരക്ഷിക്കുക എന്നതാണ് എം.എന്‍.എസിന്റെ ലക്ഷ്യം.

Content Highlight: Congress to contest Mumbai BMC elections alone

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more