തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിക്കും. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടത്. ഇതില്‍ ആരാവും മുഖ്യമന്ത്രിയെന്ന് ഇന്നറിയാം.
എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കും. യു.ഡി.എഫ്. ഘടകകക്ഷികളുടെ എം.എല്‍.എമാരും ഇന്ന് തിരുവനന്തപുരത്തെത്തി യോഗം ചേരും. ഇതിന് പിറകെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കാണും.
മുഖ്യമന്ത്രിയായി ആരെ തിരുമാനിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടുണ്ട്. പ്രഖ്യാപനം ഇന്നുണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയാരാകണമെന്ന അന്തിമ തീരുമാനത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്ന ജയറാം രമേശിന്റെ പ്രഖ്യാപനം.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ച ഏകദേശം മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ശേഷം രാഹുല്‍ ഗാന്ധി മടങ്ങിപോവുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു ജയറാം രമേശ് ഇന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഖാര്‍ഗെയെ കണ്ട ശേഷമായിരുന്നു ജയറാം രമേശ് വിവരമറിയിച്ചത്.
ഈ മാസം നാലിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് 10-ാം ദിവസമാണ് ഇന്ന് മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം പുറത്തുവരാനിരിക്കുന്നത്. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന അസം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഇതിനകം മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിച്ചിട്ടും കേരളത്തില്‍ മന്ത്രിസഭാ രൂപീകരണം വൈകുന്നതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടു. സഖ്യകക്ഷി നേതാക്കളും ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍ ഭരിക്കട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. കേരളത്തില്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വര്‍ഷം വീതം കാലാവധിയില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ വീതമോ തെരഞ്ഞെടുക്കണമെന്നും ഹൈക്കമാന്‍ഡിനോട് നിര്‍ദേശിക്കുന്നതായും മോദി പറഞ്ഞിരുന്നു.
Content Highlight: Kerala CM Announcement Today