| Sunday, 11th January 2026, 8:14 am

രാഹുലിന് ഇപ്പോഴും കോൺഗ്രസിന്റെ പിന്തുണ; മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ശിവൻകുട്ടി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മൂന്നാം ബലാത്സംഗ പരാതിയിലെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

യൂത്ത് കോൺഗ്രസിന്റെ മുഖമായ ഇദ്ദേഹത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് വി.ശിവൻകുട്ടി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോൺഗ്രസിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരങ്ങളെന്നും ഇത്രയധികം കുറ്റകൃത്യങ്ങൾ ചെയ്ത ഒരു കുറ്റവാളി എം.എൽ.എ സ്ഥാനം വഹിച്ചുകൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാകുന്നത് സംശയം ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ സമാധാനവും മനസാക്ഷിയും കോൺഗ്രസ് മനസിലാക്കണമെന്നും സർക്കാർ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

ഇനിയെങ്കിലും എം.എൽ.എ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുകയും സ്ഥാനം ഒരു മറയായി ഉപയോഗിച്ചതിന് ശക്തമായ നടപടി എടുക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെയായിരുന്നു അറസ്റ്റ്. അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് അറസ്റ്റ്.

മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

തിരുവല്ല മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ നടപടി ക്രമങ്ങള്‍ മുമ്പോട്ട് പോയത്.

സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് നീക്കം. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എം.എല്‍.എയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം.

Content Highlight: Congress still supports Rahul; V. Sivankutty on Mangkootatil’s arrest

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more