തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതയെ അപമാനിച്ച വലത് ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് രാജു പി. നായര്‍ക്കെതിരെ അണികളുടെ സൈബറാക്രമണം.
രാജു പി. നായരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ പിന്തുണയ്ക്കാനും ഇവര്‍ മടിക്കുന്നില്ല.
രാജു പി. നായര്‍. Photo: Raju P Nair/ Facebook.com
‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്.
‘ശരിയോ തെറ്റോ, കോണ്‍ഗ്രസിലെ 99 ശതമാനം പ്രവര്‍ത്തകരും രാഹുലിനൊപ്പമാണ്, ഈ സാഹചര്യത്തില്‍ ഇതുപോലെ ഒരു പ്രതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല’, ‘യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്നത് അശ്ലീലമെങ്കില്‍, അശ്ലീലത്തിനൊപ്പം നില്‍ക്കാനേ സാധിക്കൂ’, ‘നിങ്ങള്‍ ഇത്രയും തരംതാണവനായോ?’, ‘ആരോടാണ് കളിക്കുന്നതെന്ന് ഓര്‍ത്തുവെച്ചോ’, ‘കുറച്ചെങ്കിലും മാന്യതയാകാം നായരേ‘ തുടങ്ങി കമന്റുകള്‍ നീളുകയാണ്.
അതേസമയം, ജാമ്യം നിഷേധിക്കപ്പെട്ട രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലാ കോടതിയാണ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്.
പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്ത യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാഹുല്‍ ഈശ്വർ. Photo: Rahul Easwar/Facebook.com
രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി. കള്ളക്കേസിനെ താന്‍ നിയമപരമായി നേരിടുമെന്നും ജയിലില്‍ നിരാഹാരമിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയതെങ്കിലും ശേഷം അതില്‍ മാറ്റം വരുത്തുകയായിരുന്നു.
ബി.എന്‍.എസ് 75 (3) വകുപ്പ് ഉള്‍പ്പെടെയാണ് കൂട്ടിച്ചേര്‍ത്തത്. അതിജീവിതക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന കണ്ടെത്തെലിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
രാഹുല്‍ ഈശ്വറിനൊപ്പം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കന്‍, ദീപാ ജോസഫ് എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റ് മുന്നില്‍ക്കണ്ട് സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
Content Highlight: Congress spokesperson Raju P. Nair, who criticized Rahul Easwar, was subjected to cyber attacks by his supporters.