| Friday, 23rd October 2026, 11:44 am

ഷര്‍ജീല്‍ ഇമാം ഭീകരവാദിയെന്ന് കോണ്‍ഗ്രസ് വക്താവ്; പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോയെന്ന് വിമര്‍ശനം, വിവാദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷകന്‍ ഷര്‍ജീല്‍ ഇമാമിനെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ച് അസം കോണ്‍ഗ്രസ് വക്താവ് റീതം സിങ്. ഷര്‍ജീല്‍ ഇമാമിനെ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന തരത്തിലും റീതം സിങ് പരാമര്‍ശം നടത്തി.

പരമാര്‍ശം വിവാദമായതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഷര്‍ജീല്‍ ഇമാം തീവ്രവാദിയാണെന്നും അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ഐ.എസ്.ഐ.എസ് അുനുഭാവികളാണെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ഇമാമിന് മോചനം ലഭിച്ചാല്‍ അസം പൊലീസ് തങ്ങളുടെ ശൈലിയില്‍ കൈകാര്യം ചെയ്യുമെന്നും സിങ് വാദിച്ചു. 2020ല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന രീതിയില്‍ ഷര്‍ജീല്‍ ഇമാം പ്രസംഗിച്ചു എന്ന് ആരോപിച്ചാണ് അദ്ദേഹം തന്റെ നിലപാടിനെ ന്യായീകരിച്ചത്.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും രാഷ്ട്രീയ നിരീക്ഷകരും ഉള്‍പ്പെടെ നിരവധി പേര്‍ റീതം സിങ്ങിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യപരമായ നിയമവ്യവസ്ഥയെയും പൂര്‍ണമായി തള്ളിക്കളയുന്നതാണ് കോണ്‍ഗ്രസ് വക്താവിന്റെ ഇത്തരം വാക്കുകളെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

വിചാരണ നേരിടുന്ന ഒരു തടവുകാരനെതിരെ തീവ്രവാദ മുദ്ര ചാര്‍ത്തി അക്രമം പ്രോത്സാഹിപ്പിക്കുന്നത് വഴി സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു അഭിഭാഷകന്‍ തന്നെ നിയമവിരുദ്ധമായ പൊലീസിന്റെ മൂന്നാംമുറകളെയും വ്യാജ ഏറ്റുമുട്ടലുകളെയും പരസ്യമായി പിന്തുണയ്ക്കുന്നുവെന്നും വിമര്‍ശനമുയരുന്നുണ്ട്.

രാഷ്ട്രീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാമെങ്കിലും, ഒരു വ്യക്തിക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നത് അത്യന്തം അപകടകരമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം നിലപാടുകള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്നും ഉപയോക്താക്കള്‍ ചോദിക്കുന്നു. എക്‌സില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ ടാഗ് ചെയ്ത്, ഇത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ?’ എന്ന് ഉപയോക്താക്കള്‍ ചോദിച്ചു. ആറ് വര്‍ഷമായി വിചാരണ പോലും നടക്കാതെ തടവില്‍ കഴിയുന്ന ഒരു വ്യക്തിക്കെതിരെ പാര്‍ട്ടിയുടെ വക്താവ് തന്നെ ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തുന്നത് ബി.ജെ.പിയുടെ നിലപാടുകളില്‍ നിന്ന് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്നാല്‍, വിവാദം കനത്തിട്ടും കോണ്‍ഗ്രസ് നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ തങ്ങളുടെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Content Highlight: Congress spokesperson calls Sharjeel Imam a terrorist; sparks criticism and controversy over whether this is the party’s official stance.

Latest Stories

We use cookies to give you the best possible experience. Learn more