| Wednesday, 6th May 2026, 1:58 pm

വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; തദ്ദേശ, ലോക്‌സഭ, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ സഖ്യം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഡി.എം.കെയുമായുള്ള ബന്ധം വേര്‍പെടുത്തി, നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ (ടി.വി.കെ) പിന്തുണയ്ക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച് കോണ്‍ഗ്രസ്.

പരസ്പര ബഹുമാനത്തിലൂന്നിയുള്ള പുതിയ സഖ്യം സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളികളാകുമെന്ന് എ.ഐ.സി.സി തമിഴ്നാട് ഇന്‍ചാര്‍ജ് ഗിരീഷ് ചോഡങ്കര്‍ പ്രഖ്യാപിച്ചു.

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭ, രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും ടി.വി.കെയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

തമിഴ്നാട്ടില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കടന്നുകയറ്റം തടയുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ പ്രതികരിച്ചു.

ജനവിധി ഡി.എം.കെ സര്‍ക്കാരിന് എതിരാണെന്നും പകുതിയിലധികം മന്ത്രിമാര്‍ തോറ്റ സാഹചര്യത്തില്‍ ജനവികാരം മാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ഈ അപ്രതീക്ഷിത നീക്കത്തെ ‘പിന്നില്‍ നിന്നുള്ള കുത്ത്’ എന്നാണ് ഡി.എം.കെ വിശേഷിപ്പിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആദ്യം ഉയര്‍ത്തിക്കാട്ടിയത് എം.കെ. സ്റ്റാലിനാണെന്നും, കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതിലും കൂടുതല്‍ സീറ്റുകള്‍ നല്‍കി വിജയിപ്പിച്ചത് ഡി.എം.കെയുടെ താഴേത്തട്ടിലുള്ള കഠിനാധ്വാനമാണെന്നും ഡി.എം.കെ വക്താവ് ശരവണന്‍ അണ്ണാദുരൈ ഓര്‍മ്മിപ്പിച്ചു. ചിലരുടെ ‘അഹങ്കാരം’ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ഈ മണ്ടത്തരത്തിന് മുതിര്‍ന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

108 സീറ്റുകളുള്ള വിജയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഇനിയും 11 സീറ്റുകള്‍ ആവശ്യമാണ്. 47 സീറ്റുകളുള്ള എ.ഐ.എ.ഡി.എം.കെ പിന്തുണയ്ക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍, വെറും 5-6 സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത് എന്തിനാണെന്നും ഡി.എം.കെ ചോദിക്കുന്നു.

ഈ തീരുമാനം ദേശീയ തലത്തില്‍ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ തുടങ്ങിയ മറ്റ് സഖ്യകക്ഷികള്‍ക്കിടയില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഡി.എം.കെ മുന്നറിയിപ്പ് നല്‍കി.

മെയ് 7ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്. ഡി.എം.കെ-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നത് ദേശീയ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിവരച്ചുകൊണ്ടാണ് സിനിമാ താരം വിജയ് രൂപീകരിച്ച ടി.വി.കെ ഭരണത്തിലേക്ക് അടുക്കുന്നത്.

Content Highlight: Congress snaps ties with DMK; extends support to Vijay’s TVK

We use cookies to give you the best possible experience. Learn more