ന്യൂദല്‍ഹി: ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. രാഹുലിന് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
പൊലീസ് അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജിവെക്കണമെന്ന് ആവശ്യമുന്നയിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് നേതാക്കളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ചര്‍ച്ച നടത്തിയിരുന്നു.
സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ജിതേന്ദ്ര സിങ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് രാഹുല്‍ നിലപാട് സ്വീകരിച്ചതായാണ് വിവരം.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ ക്രൂരതകളില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് തങ്ങള്‍ മാര്‍ച്ച് നടത്തിയതെന്ന് രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവാദിത്തമേറ്റെടുക്കുന്നില്ല. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവര്‍ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കാളികളായി. ചരണ്‍ജിത് സിങ് ചന്നി, കനയ്യ കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധത്തില്‍ പങ്കാളികളായി.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചരണ്‍ജിത് സിങ് ചന്നി, കനയ്യ കുമാര്‍, ഡി.കെ. സുരേഷ്, കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള നേതാക്കളെ പ്രതിഷേധ സ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് ബി.ജെ.പി ഭീകരവാദമാണെന്നും അവര്‍ വിദ്യാര്‍ത്ഥികളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്നും തന്നെ അറസ്റ്റ് ചെയ്ത് നീക്കവെ ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി കോണ്‍ഗ്രസ് എം.പി ഡി.കെ സുരേഷ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ഒരു വാക്ക് പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ആഭ്യന്ത്ര മന്ത്രിയും ഒരു പ്രസ്താവനയും നടത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് (ജൂലൈ 21, ചൊവ്വ) വൈകീട്ട് മൂന്നു മണിക്ക് എല്ലാ കോണ്‍ഗ്രസ് എം.പി.മാരോടും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ എത്താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. അവിടെ നിന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം.പിമാര്‍ പ്രതിഷേധം ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള അതീവ സുരക്ഷാ പാതയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ധര്‍ണ. പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നേരത്തെ രാഹുലും പ്രിയങ്കയും കെ.സി വേണുഗോപാലും ദല്‍ഹി രാം മനോഹ്യര്‍ ലോഹ്യ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
ഇന്നലെയായിരുന്നു വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് പൊലീസ് ക്രൂരമായി അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്. കഴിഞ്ഞ മാസം 209 മുതല്‍ ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) തുടര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പാര്‍ലമെന്റിലേക്ക് സമാധാന പരമായ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.
എന്നാല്‍ മാര്‍ച്ചിനെത്തിയ യുവാക്കള്‍ക്ക് നേര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ചിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ വരെ പൊലീസ് ക്രൂരമായി അക്രമിച്ചതായി സി.ജെ.പി അറിയിച്ചിരുന്നു. പൊലീസ് അതിക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സി.ജെ.പി സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.
Content Highlight: Congress Sit In Protest- Demanding Resignation of PM Modi and HM Shah on Police Violence Against Students