| Monday, 8th December 2025, 9:27 am

മുസ്‌ലിം ലീഗിനെ തോല്‍പ്പിക്കാന്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിക്കായി വോട്ട് ചോദിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലത്തൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കായി പരസ്യ പ്രചാരണത്തിനിറങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. ആലത്തൂര്‍ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളിലാണ് ഈ സംഭവം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പരസ്യപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുചോദിക്കാനെത്തിയത്. 17, 18 വാര്‍ഡുകളിലെ അയല്‍കൂട്ടസംഗമത്തിലാണ് യു.ഡി.എഫ് ആലത്തൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തത്.

യു.ഡി.എഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി. കനകാംബരന്‍, കോണ്‍ഗ്രസ് ആലത്തൂര്‍ മണ്ഡലം പ്രസിഡന്റ് എ. ഹാരിസ്, മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയുള്ള ജില്ലാ പഞ്ചായത്ത് ആലത്തൂര്‍ ഡിവിഷനിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഈ സംഗമത്തിലുണ്ടായിരുന്നു. അതിലാണ് ലീഗ് പ്രതിനിധിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്.

17-ാം വാര്‍ഡില്‍ യു.ഡി.എഫിന് ഔദ്യോഗിക സ്ഥാനാര്‍ഥികളില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയാണ് അവിടെ മത്സരിക്കുന്നത്. എന്നാല്‍, 18-ാം വാര്‍ഡില്‍ യു.ഡി.എഫിന്റെ പ്രതിനിധിയായി ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്.

നേരത്തെ തന്നെ ആലത്തൂരിലെ വെല്‍ഫെയര്‍ – കോണ്‍ഗ്രസ് ബന്ധത്തില്‍ യു.ഡി.എഫ് അതൃപ്തിയുണ്ട്. ഈ കൂട്ടുകെട്ടിനെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. അതിന്റെ ഭാഗമായി ലീഗിലെ ഒരു വിഭാഗം രാജിക്ക് ഒരുങ്ങുകയും ചെയ്തു. മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിനെതിരെ ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതും പതിനെട്ടാം വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതും ഈ കൂട്ടുകെട്ടിന് എതിരെ പ്രതിഷേധിച്ചാണ്.

കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ വോട്ടഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. നന്നമ്പ്ര പഞ്ചായത്ത് 20ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ലുബ്‌ന ഷാജഹാന് വേണ്ടിയാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ കൂടിയായ അബ്ബാസലി ശിഹാബ് തങ്ങള്‍ വോട്ട് തേടിയത്.

Content Highlight: Congress seeks votes for welfare Party candidate to defeat Muslim League

We use cookies to give you the best possible experience. Learn more