ന്യൂദല്‍ഹി: കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പുകള്‍ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത് 136.94 കോടി രൂപയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ട് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിയമസഭ തെരെഞ്ഞെടുപ്പില്‍ പൊതുവായ പ്രചാരണത്തിന് 40.51 കോടി രൂപയാണ് കോണ്‍ഗ്രസ് ചെലവഴിച്ചത്.
ഇതില്‍ 21.78 കോടി രൂപ താരങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ള യാത്രാ ചെലവിനും 11.95 കോടി പരസ്യത്തിനും 1.23 കോടി പൊതുയോഗങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമായി ഉപയോഗിച്ചെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.
‘പൊതു പാര്‍ട്ടി പ്രചാരണത്തിനായി 40.51 കോടി രൂപ ചെലവഴിച്ചു, ഇതില്‍ സ്റ്റാര്‍ പ്രചാരകരുടെ യാത്രാ ചെലവുകള്‍ക്കായി 21.78 കോടി രൂപയും മാധ്യമ പരസ്യങ്ങള്‍ക്കായി 11.95 കോടി രൂപയും ഉള്‍പ്പെടുന്നു; പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, റാലികള്‍ എന്നിവയ്ക്കായി 1.23 കോടി രൂപ; സ്ഥാനാര്‍ത്ഥികള്‍ക്കായി 96.42 കോടി രൂപ ചെലവഴിച്ചു, അതില്‍ 95.29 കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ പേയ്മെന്റായി നല്‍കിയപ്പോള്‍ 1.13 കോടി രൂപ വെര്‍ച്വല്‍ പ്രചാരണങ്ങള്‍ക്കായി ചെലവഴിച്ചു.,’ കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രഖ്യാപിത ചെലവ്
കോണ്‍ഗ്രസ് യൂണിറ്റുകളുടെ ചെലവിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കണക്കുകള്‍ ഇവയാണ്:
അസം: 22.62 കോടി
കേരളം: 59.28 കോടി
തമിഴ്‌നാട്: 6.27 കോടി
പശ്ചിമ ബംഗാള്‍: 7.56 കോടി
പുതുച്ചേരി: 6.74 കോടി
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് സമയത്തെ ചെലവുകളുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. റിട്ടേണ്‍ രസീത് ലഭിച്ചതിനുശേഷം പാര്‍ട്ടി ഏതെങ്കിലും ദേശീയ പത്രത്തില്‍ ഈ കണക്കുകള്‍ പരസ്യമായി പ്രസിദ്ധീകരിക്കണം.
Content Highlights: Congress’s election expenditure stood at ₹136.94 crore; ECI has not yet released BJP’s expenditure figures.