തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയെ കോപ്പിയടിച്ചാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയതെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് വിനോദ് മാത്യു വില്‍സണ്‍.
ദല്‍ഹിയിലും മറ്റും തങ്ങള്‍ ബസ് യാത്ര സൗജന്യമാക്കിയപ്പോള്‍ ആംആദ്മി പാര്‍ട്ടിയെ കളിയാക്കിയവരാണ് കോണ്‍ഗ്രസെന്നും അത് കോപ്പിയടിച്ചാണ് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര കൊടുക്കാമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ കാരണം നിങ്ങള്‍ നന്നായി എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തോട് പറയാനുള്ളത്. ഫ്രീ കൊടുത്ത് ജനങ്ങളെ പറ്റിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് കളിയാക്കി. എന്നിട്ട് ഞങ്ങള്‍ കൊടുത്ത അതേ ഫ്രീയായ കാര്യങ്ങള്‍ അതേപടി കോപ്പിയടിച്ച് വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്,’ വിനോദ് മാത്യൂ പറഞ്ഞു.
കെ.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര കൊടുക്കുന്നത് ഒന്ന് കാണിച്ച് തരട്ടേയെന്നും ഇത് വെറുതെ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമുളള വാഗ്ദാനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രകടന പത്രിക കോപ്പിയടിച്ചാണ് കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ആംആദ്മി പാര്‍ട്ടിക്ക് അഭിന്ദനം എന്ന് എഴുതിവെക്കണം. കാരണം ആംആദ്മി പാര്‍ട്ടിയാണ് ഇന്ത്യയില്‍ ആദ്യമായി സൗജന്യം നല്‍കുമെന്ന് പറഞ്ഞിട്ടുള്ളതും കൊടുത്തിട്ടുള്ളതും. ദല്‍ഹിയില്‍ മിച്ച ബഡ്ജറ്റ് ഉണ്ടാക്കിയ സര്‍ക്കാരാണ് ആംആദ്മിയുടേത്. ആ റൂട്ടിലേക്ക് വരാന്‍ അല്ലെങ്കില്‍ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമ പദ്ധതികള്‍ കൊണ്ടുവരുെമന്ന് പറയാനെങ്കിലും കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ആര്‍ജവം കാണിച്ചതില്‍ സന്തോഷം എന്ന് മാത്രമേ ഞങ്ങള്‍ക്ക് ഈ അവസരത്തില്‍ പറയാനുളളൂ,’ അദ്ദേഹം പറഞ്ഞു.
ഇനി അധികാരത്തില്‍ വരാന്‍ പോകുന്ന മുന്നണി ഏതായാലും പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഓരോ വിഷയത്തിലും ആംആദ്മി സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടന പത്രികയെന്നാല്‍ അച്ചടിച്ച് വെക്കാനുള്ളതല്ല അത് കൊടുക്കാനുളളതാണെന്നും നടപ്പിലാക്കാത്ത പക്ഷം ഒരു വാച്ച് ഡോഗ് പോലെ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
‘ഞങ്ങള്‍ ഒരു ക്രിമി കീടങ്ങളേയും കൂട്ടിയോജിപ്പിക്കുന്നില്ല, ഞങ്ങള്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന പാര്‍ട്ടിയാണ്. ആരുടെയും ബാധ്യത ചുമക്കാന്‍ താത്പര്യമില്ല. കേരളത്തിലെ മുന്നണി സംവിധാനം എത്ര മ്ലേച്ഛകരമാണ്. മുന്നണി സംവിധാനത്തിന്റെ വിഴുപ്പലക്കല്‍ ഒരു നാറിയ സംവിധാനമല്ലേ. ഞങ്ങള്‍ അതില്‍ ഇല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Congress released its manifesto in Kerala by copying the manifesto implemented by Aam Aadmi Party in Delhi: AAP State President