കൽപറ്റ : വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമത സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു. കോൺഗ്രസിൽ വിശ്വാസം ഉണ്ടെന്നും പാർട്ടിക്ക് താൻ കളങ്കം വരുത്തില്ലെന്നും ജഷീർ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് പത്രിക പിൻവലിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായിരുന്നു ജഷീർ നാമനിർദേശ പത്രിക നൽകിയത്.
പാർട്ടിക്ക് താൻ കാരണം മുറിവേൽക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.
അതേസമയം ജഷീറിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത് രംഗത്തെത്തി
‘വ്യക്തിപരമായ നഷ്ടങ്ങൾ ഉണ്ടായേക്കാം, ചിലതീരുമാനങ്ങളിൽ വൈകാരികമായ പ്രതികരണങ്ങളും ഉണ്ടായേക്കാം. പക്ഷേ ജഷീറിനും പ്രസ്ഥാനത്തിനേക്കാൾ വലുതല്ല ഒരു പദവികളും,’ അഭിജിത്ത് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി നിർണയത്തെചൊല്ലിയാണ് പാർട്ടിയുമായി ജഷീർ ഉടക്കിയിരുന്നു. ഇതിനെത്തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത് പാർട്ടി തന്നെ അപമാനിച്ചെന്നും ജഷീർ പറഞ്ഞിരുന്നു. പത്രിക പിൻവലിക്കാൻ സമ്മർദ്ദമുണ്ടെങ്കിലും അതിന് വഴങ്ങില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Congress rebel candidate from Wayanad Jasheer Pallivayal withdraws nomination