| Friday, 26th December 2025, 4:05 pm

എല്ലാവരെയും ഉൾക്കൊണ്ട ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്ത നേതാവ്: മൻമോഹൻ സിങ്ങിന്റെ ചരമവാർഷികത്തിൽ കോൺഗ്രസ്

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: എല്ലാവരെയും ഉൾക്കൊണ്ട ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്ത നേതാവാണ് മൻമോഹൻ സിങ്ങെന്ന് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ കോൺഗ്രസ്.

അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക പാത പുനർനിർമിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചു. ധാരാളം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചെന്നും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അദ്ദേഹത്തിന്റെ വിനയം, സത്യസന്ധത, പാരമ്പര്യം എന്നിവ ഭാവിതലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും ഉൾക്കൊള്ളിക്കുന്ന വികസനവും ഏറ്റവും ആവശ്യമുള്ളവക്ക് ക്ഷേമപദ്ധതികളും അദ്ദേഹം അന്തസോടെയും അനുകമ്പയോടെയും നടപ്പിലാക്കിയിട്ടുണ്ടെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകയാണ് മൻമോഹൻ സിങ് നടത്തിയതെന്നും അദ്ദേഹത്തിന്റെ കീഴിൽ ഒരു ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലൂടെ ഇന്ത്യയെ സാമ്പത്തികമായി ശാക്തീകരിച്ചെന്നും അദ്ദേഹത്തിന്റെ ശ്രമങ്ങളും ദരിദ്രർക്ക് വേണ്ടിയുള്ള ധീരമായ തീരുമാനങ്ങളും ലോക വേദിയിൽ ഇന്ത്യയ്ക്ക് പുതിയൊരു വ്യക്തിത്വം നൽകിയെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ലെ വിവരാവകാശ നിയമം തുടങ്ങിയവ നിലവിൽ വന്നത്.

1991 മുതൽ 1996 വരെ ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിക്കുകയും അന്താരാഷ്ട്ര അംഗീകാരം നേടുകയും ചെയ്ത സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു.

Content Highlight: Congress pays tribute to Manmohan Singh on his death anniversary

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more