| Thursday, 31st July 2025, 11:19 am

'മോദിയുടെ വിദേശനയത്തിന്റെ പരാജയം': ഇന്ത്യയ്ക്ക് 25% തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

മോദിയുടെ വിദേശനയത്തിന്റെ പരാജയമാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഒരു മനുഷ്യന്റെ സൗഹൃദത്തിന്റെ അനന്തരഫലങ്ങള്‍ ഒരു രാഷ്ട്രം മുഴുവന്‍ അനുഭവിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചത്.

ട്രംപും ഹൗഡി മോദിയും തമ്മിലുള്ള ബന്ധത്തിന് വലിയ അര്‍ത്ഥമൊന്നും ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ തങ്ങള്‍ മധ്യസ്ഥത വഹിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ വാദത്തെ മോദി തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

‘നേരിടുന്ന അപമാനങ്ങളില്‍ മിണ്ടാതിരുന്നാല്‍ ഇങ്ങനെ സംഭവിക്കും. ട്രംപില്‍ നിന്ന് ഇന്ത്യയ്ക്ക് എന്തോ വലിയ പരിഗണന ലഭിക്കുമെന്ന് മോദി കരുതി. എന്നാല്‍ അത് സംഭവിച്ചില്ല.

യു.എസ് നിലവില്‍ ഏര്‍പ്പെടുത്തിയ ഈ താരിഫ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വിനാശകരമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവി സുപ്രിയ ശ്രീനേറ്റ് പ്രതികരിച്ചത്. ട്രംപിന് മുന്‍പില്‍ കുമ്പിട്ടിട്ടും മോദിക്ക് ഇത് സംഭവിച്ചു എന്നും അവര്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരും പ്രധാനമന്ത്രിയും ഇന്ത്യയുടെ ദേശീയ താത്പര്യത്തില്‍ എത്രത്തോളം വിട്ടുവീഴ്ച ചെയ്തു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും സുപ്രിയ പറഞ്ഞു.

ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യന്‍ കയറ്റുമതി വിപണിയില്‍ സമീപഭാവിയില്‍ തന്നെ അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പറഞ്ഞു.

‘ഈ തീരുമാനം താല്‍ക്കാലികമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും അനൂകൂലമാകുന്ന രീതിയില്‍ ഒരു വ്യാപാര കരാറില്‍ ഉടന്‍ എത്തുമെന്നാണ് ഞങ്ങള്‍ കരുതുന്നത്,’ സംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് അനന്ത് ഗോയങ്ക പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ മാസത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നും എഫ്.ഐ.സി.സി.ഐ പറഞ്ഞു.

എന്നാല്‍ യു.എസ് ഏര്‍പ്പെടുത്തിയ പുതിയ താരിഫ് നിരക്ക് ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രി പറഞ്ഞത്. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പുതിയ താരിഫ് നിരക്ക് ഇന്ത്യയിലെ വസ്ത്രവ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുമായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചത്.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫ്, റഷ്യയില്‍ നിന്ന് ആയുധം വാങ്ങല്‍ എന്നിവയാണ് ഇന്ത്യയ്ക്ക് 25% തീരുവ ചുമത്താനുള്ള കാരണങ്ങളായി ട്രംപ് പറഞ്ഞത്.

സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം റഷ്യയില്‍ നിന്ന് വാങ്ങിയതിന് ഇന്ത്യ ‘പിഴ’ നല്‍കേണ്ടിവരുമെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞിരുന്നു.

Content Highlight: Congress on US decision to impose 25% tariffs on India

We use cookies to give you the best possible experience. Learn more