| Saturday, 14th June 2025, 9:29 am

ഛത്തീസ്ഗഢ് മദ്യ അഴിമതിക്കേസ്; കോൺഗ്രസ് ഓഫീസും മുൻ മന്ത്രിയുടെ വീടുമുൾപ്പടെ ആറ് കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഛത്തീസ്ഗഢ് മദ്യ അഴിമതിക്കേസിൽ കോൺഗ്രസ് ഓഫീസും മുൻ മന്ത്രി കവാസി ലഖ്മയുടെ വീടുമുൾപ്പടെ ആറ് കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 6.15 കോടി രൂപയുടെ മൂന്ന് സ്ഥാവര സ്വത്തുക്കൾ താത്ക്കാലികമായി കണ്ടുകെട്ടിയത്.

ഛത്തീസ്ഗഢ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സുക്മയിലെ കോൺഗ്രസ് ഭവൻ, മുൻ സംസ്ഥാന എക്സൈസ് മന്ത്രി കവാസി ലഖ്മയുടെ റായ്പൂരിലുള്ള ഒരു റെസിഡൻഷ്യൽ വീട്, സുക്മയിലെ അദ്ദേഹത്തിന്റെ മകൻ ഹരീഷ് കവാസിയുടെ ഉടമസ്ഥതയിലുള്ള ഒരു വീട് എന്നിവയാണ് കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നത്.

2019 നും 2022 നും ഇടയിൽ മദ്യത്തിന്റെ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലൂടെ നേടിയ അനധികൃത ഫണ്ട് ഉപയോഗിച്ചാണ് ഈ സ്വത്തുക്കൾ നിർമിച്ചതെന്ന് ഇ.ഡി അവകാശപ്പെടുന്നു.

കവാസി ലഖ്മ തന്റെ ഭരണകാലത്ത് പ്രതിമാസം രണ്ട് കോടി രൂപ കൈപ്പറ്റിയതായും ഏകദേശം 72 കോടി രൂപ നിയമവിരുദ്ധമായി സമ്പാദിച്ചതായും ഇ.ഡി ആരോപിക്കപ്പെടുന്നു. അദ്ദേഹം നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കോൺഗ്രസ് ഭവന്റെ നിർമാണത്തിന് 68 ലക്ഷം രൂപയും, ഹരീഷ് കവാസിയുടെ വീടിന് 1.40 കോടി രൂപയും, റായ്പൂരിലെ ലഖ്മയുടെ സ്വന്തം വസ്തുവിന് 2.24 കോടി രൂപയും ചെലവഴിച്ചതായും ഇ.ഡി അവകാശപ്പെടുന്നു.

2019 നും 2022 നും ഇടയിൽ 2,161 കോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നതെന്ന് ഇ.ഡി പറയുന്നു. ഈ അഴിമതി സംസ്ഥാന ഖജനാവിനെ സാരമായി ബാധിച്ചതായും ഇ.ഡി റിപ്പോർട്ടിലുണ്ട്. 2019 നും 2022 നും ഇടയിൽ അന്നത്തെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കീഴിലുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ് ഈ അഴിമതി നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ കാലയളവിൽ ലഖ്മ സംസ്ഥാന എക്സൈസ് മന്ത്രിയായിരുന്നു.

അതേസമയം കോൺഗ്രസിന്റെ മാധ്യമ ചുമതലയുള്ള സുശീൽ ആനന്ദ് ശുക്ല രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു. ‘പ്രധാനമന്ത്രി മോദി സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ഇ.ഡി. പ്രവർത്തിക്കുന്നത്. ഇത് രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണ്. കോൺഗ്രസ് പാർട്ടി ഓഫീസുകളിൽ ചെലവഴിക്കുന്ന ഓരോ രൂപയുടെയും കണക്ക് ഹാജരാക്കും,’ അദ്ദേഹം പറഞ്ഞു.

Content Highlight: Congress Office, Ex-Minister’s Property Worth Rs 6 Crore Seized In Chhattisgarh

We use cookies to give you the best possible experience. Learn more