| Thursday, 21st August 2025, 11:48 am

ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; നിലപാട് തിരുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ജയിലിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ബില്ലിലെ വ്യവസ്ഥകളോട് എതിര്‍പ്പാണെന്ന് തരൂര്‍ വ്യക്തമാക്കി. താന്‍ നേരത്തേ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടി ക്കുകയായിരുന്നെന്നും അയോഗ്യ രാക്കാന്‍ കുറ്റം തെളിയണമെന്നും തരൂര്‍ പറഞ്ഞു.

ബില്ലില്‍ തെറ്റൊന്നും കാണുന്നില്ലെന്നും 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമുള്ള ചോദ്യങ്ങളാണ് തരൂര്‍ നേരത്തെ ഉന്നയിച്ചത്.

കഴിഞ്ഞ ദിവസം (ബുധനാഴ്ച) കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മന്ത്രിമാരെ നീക്കം ചെയ്യാന്‍ കഴിയുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പുതിയ ബില്‍ അനുസരിച്ച് അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുകയും 30 ദിവസം കസ്റ്റഡിയില്‍ കഴിയുകയും ചെയ്താല്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ആയവര്‍ 31ാം ദിവസം സ്ഥാനത്ത് നിന്നും നീക്കപ്പെടും.

അതേസമയം കസ്റ്റഡിയില്‍ നിന്നും മോചിതരായാല്‍ അവരെ വീണ്ടും നിയമിക്കാം എന്നു ബില്ലില്‍ പറയുന്നു. മുന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി തുടങ്ങിയ നേതാക്കള്‍ ജയിലില്‍ ആയിരുന്നിട്ടും പദവികളില്‍ തുടര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

വിവാദ ബില്ലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായി തോന്നുന്നു എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

Content Highlight: Congress MP Shashi Tharoor changes stance on bill to remove ministers from jail

We use cookies to give you the best possible experience. Learn more