തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് ആക്രമിക്കുന്ന സമീപനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വീകരിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുരുതരമായ ഒരു സംഭവമുണ്ടായപ്പോള്‍ അതിന്റെ ഗൗരവം മനസിലാക്കണമായിരുന്നു. ഇരയോട് മര്യാദയ്ക്ക് പെരുമാറുക, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കുക… ഇതൊക്കെ ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ട കാര്യങ്ങളാണ്.
അതിന് പകരം പി.ആര്‍. ഏജന്‍സികളെ നിയോഗിച്ചുകൊണ്ട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ആക്രമിക്കുന്ന ദയനീയമായ കാഴ്ചയാണ് കണ്ടത്.
കോണ്‍ഗ്രസ് നേതാക്കളെ മാത്രമല്ല, കേരളത്തിലെ വനിതാ നേതാക്കളെയും പി.ആര്‍. സംഘം വളഞ്ഞിട്ട് ആക്രമിച്ചു. എല്ലാവരും ഭയം കൊണ്ട് പലതും ഒളിച്ചുവെച്ചു,’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തിയ ഉണ്ണിത്താന്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും രാഹുലിനെ പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കെ. സുധാകരന്‍ ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സ്വീകരിച്ചത്. നേരത്തെ പരാതി നല്‍കാതിരുന്ന യുവതി ഇപ്പോള്‍ പരാതി നല്‍കാന്‍ കാരണം തെരഞ്ഞെടുപ്പാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതെങ്കിലും കള്ളക്കേസ് ഉണ്ടാക്കിയെടുക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ രീതിയെന്നും യു.ഡി.എഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പരാതി നല്‍കിയ യുവതിയെ കുറ്റപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചത്.
അതേസമയം, യുവതിയുടെ പരാതിക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.
വലിയമല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ശേഷം നേമം പൊലീസിന് കേസ് കൈമാറി. രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍, വധഭീഷണി, വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതിയുടെ പരാതിയിലുണ്ടായിരുന്നത്. നിലവില്‍ ഗര്‍ഭഛിദ്രത്തിനാണ് പ്രധാനമായും കേസെടുത്തത്.
പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Congress MP Rajmohan Unnithan slams Rahul Mamkoottathil