| Sunday, 1st February 2026, 12:34 pm

സ്വന്തം സർക്കാർ എന്തുചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടാണ് അറിയുന്നത്; കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ്

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ഇന്ത്യ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്.

സ്വന്തം സർക്കാർ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റാണ് നമുക്ക് വിവരം നൽകുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും പകരം വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസിന്റെ പരിഹാസം.

വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുനരാരംഭിക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായെന്ന് ഫ്ലോറിഡയിലേക്കുള്ള യാത്രയ്ക്കിടെ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘നമ്മുടെ സർക്കാർ എന്താണ് ചെയ്തതെന്നോ അല്ലെങ്കിൽ എന്താണ് ചെയ്യാൻ പോകുന്നതെന്നോ ഉള്ള വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റാണ് നിരന്തരം നൽകിക്കൊണ്ടിരിക്കുന്നത്,’ ജയറാം രമേശ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ നിർത്തിയെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നും ഇപ്പോൾ ഇറാനിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്നും ട്രംപ് അവകാശപ്പെടുന്നെന്ന് ജയറാം കൂട്ടിച്ചേർത്തു.

‘ഓപ്പറേഷൻ സിന്ദൂർ നിർത്തിയെന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നും ട്രംപ് പറഞ്ഞു. ഇപ്പോഴിതാ ഇതും,’ ജയറാം രമേശ് പറഞ്ഞു.

വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് മുൻപ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകാനാണ് അമേരിക്കയുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയെ കൂടാതെ ചൈനയ്ക്കും സമാനമായ കരാറുകളിൽ ഏർപ്പെടാമെന്നും ട്രംപ് പറഞ്ഞു.

അതേസമയം ട്രംപ് അവകാശപ്പെടുന്ന വെനസ്വേലയുമായുള്ള എണ്ണ കരാറിനെ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Content Highlight: Congress mocks the central government over US President Donald Trump’s claim that India will buy oil from Venezuela

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more