| Monday, 31st August 2026, 12:35 pm

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടി.വി.കെ മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് മന്ത്രിമാർ രാജിവെക്കും: തമിഴ്‌നാട് മന്ത്രി എസ്.രാജേഷ് കുമാർ

കെ.എസ് ഷാബിന

ചെന്നൈ: 2029-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തമിഴഗ വെട്രി കഴകം പിന്തുണച്ചില്ലെങ്കിൽ ടി.വി.കെ മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് പിന്മാറുമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രി എസ്. രാജേഷ് കുമാർ. കോൺഗ്രസ് പാർട്ടിയുടെ കന്യാകുമാരി വെസ്റ്റ് ജില്ലാ യൂണിറ്റ് പ്രസിഡന്റായി ജോർജ്ജ് റോബിൻസണിന്റെ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വെച്ചായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.

‘2029-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരിക്കും. അദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകും. ടി.വി.കെ ഇത് അംഗീകരിക്കാൻ വിസമ്മതിച്ചാൽ, രണ്ട് കോൺഗ്രസ് മന്ത്രിമാരും മന്ത്രിസഭയിൽ നിന്ന് പുറത്തുപോകും,’ മന്ത്രി എസ്. രാജേഷ് പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും എന്നാൽ കോൺഗ്രസ് കേഡറിന് രാഹുൽ ഗാന്ധി തന്നെയാണ് പാർട്ടിയുടെ മുഖമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞങ്ങൾക്ക്, പാർട്ടി മറ്റെല്ലാ പരിഗണനകൾക്കും മുകളിലാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാൻ ഞങ്ങളുടെ കേഡർമാർക്ക് ആഗ്രഹമുണ്ട്. അത് നേടിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.

കന്യാകുമാരിയിൽ ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവെ, മുഖ്യമന്ത്രി സി.ജോസഫ് വിജയ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ടി.വി.കെ മന്ത്രിമാർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രി രാജേഷിന്റെ പ്രതികരണം. പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ടി.വി.കെ നേതാക്കളുടെ പ്രസ്താവനകൾ കോൺഗ്രസ് പാർട്ടിക്കുളിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്കം ടാഗോർ ടി.വി.കെ മന്ത്രിമാരെ രൂക്ഷമായി വിമർശിച്ചു. അവർ ഇപ്പോഴും ‘ഫാൻ ക്ലബ് മനോഭാവത്തോടെയാണ്’ പ്രവർത്തിക്കുന്നതെന്നായിരുന്നു അദ്ദേത്തിന്റെ മറുപടി.

കഴിഞ്ഞ ദിവസം തമിഴ്നാട് ഉന്നത വിദ്യാഭ്യസ മന്ത്രി പി.വിശ്വനാഥും, രാഹുൽ ഗാന്ധി ആയിരിക്കും 2029 ൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുക എന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

1967-ന് ശേഷം കോൺഗ്രസിനെ തമിഴ്‌നാട് മന്ത്രിസഭയിൽ തിരിച്ചെത്തിച്ചത് ടി.വി.കെ ആണ്. കോൺഗ്രസിന്റെ പിന്തുണയോടുകൂടി അധികാരത്തിൽ വന്ന വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ മന്ത്രിസഭയ്ക്ക് ഭരണം നിലനിർത്താൻ കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാരുടെയും പിന്തുണ നിർണായകമാണ്.

നിലവിൽ രണ്ട് മന്ത്രിസ്ഥാനങ്ങളാണ് തമിഴ്‌നാട് നിയമസഭയിൽ കോൺഗ്രസിന് ഉള്ളത്. 234 അംഗ നിയമസഭയിൽ 118 എന്ന കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയാതെ 108 സീറ്റുകൾ നേടിയാണ് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത്. തുടർന്ന് കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും പിന്തുണയോടെ പാർട്ടി സഖ്യസർക്കാർ രൂപീകരിക്കുകയും വിജയ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ആയിരുന്നു.

Content Highlight: Congress ministers will resign from TVK cabinet if Rahul Gandhi is not accepted as PM candidate: Tamil Nadu Minister S. Rajesh Kumar

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more